Skip to content

നീ എൻ്റെ ക്യാപ്റ്റൻസിയെ വിമർശിക്കുകയാണോ, തത്സമയ ചർച്ചയിൽ തർക്കത്തിൽ ഏർപ്പെട്ട് അലസ്റ്റയർ കുക്കും മൊയിൻ അലിയും

ആഷസ് പരമ്പരയിൽ ഇംഗ്ലണ്ട് മോശം പ്രകടനം പുറത്തെടുത്തുകൊണ്ടിരിക്കുമ്പോൾ തത്സമയ ചർച്ചയിൽ രൂക്ഷമായ തർക്കത്തിൽ ഏർപ്പെട്ട് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലസ്റ്റയർ കുക്കും ഓൾ റൗണ്ടർ മൊയിൻ അലിയും. നാലാം ടെസ്റ്റിലെ ആദ്യ ദിനത്തിൽ മഴ കളി തടസ്സപ്പെടുത്തിയതിന് ശേഷമുള്ള ഇടവേളയിലാണ് ഇരുവരും തർക്കത്തിൽ ഏർപ്പെട്ടത്.

( Picture Source : Twitter )

ജോ റൂട്ട് ഇംഗ്ലണ്ട് ക്യാപ്റ്റനായി തുടരണോയെന്ന ചർച്ച പുരോഗമിക്കവേ റൂട്ടിന് ഇംഗ്ലണ്ട് താരങ്ങളുമായി കൂടുതൽ വൈകാരിക അടുപ്പമുണ്ടെന്ന അലിയുടെ പ്രസ്താവനയാണ് കുക്കിനെ ചൊടിപ്പിച്ചത്.

” റൂട്ടിന് കളിക്കാരുമായി കൂടുതൽ വൈകാരിക അടുപ്പമുണ്ട്. അവൻ പ്ലേയേഴ്സുമായി കൂടുതൽ സമയം ചിലവഴിക്കുന്നു. ” അലി പറഞ്ഞു.

” നീയെൻ്റെ ക്യാപ്റ്റൻസിയെ വിമർശിക്കുകയാണോ ” അലിയുടെ പ്രസ്താവനയെ കുക്ക് ചോദ്യം ചെയ്തു. ” ഒരൽപം അതെ, ഇവർ രണ്ട് പേരും വ്യത്യസ്തരാണ്. കുക്കിൻ്റെ കീഴിൽ ഞാൻ നന്നായി ബാറ്റ് ചെയ്തു. റൂട്ടിൻ്റെ കീഴിലാണ് എനിക്ക് നന്നായി ബൗൾ ചെയ്യാൻ സാധിച്ചത്. ” മറുപടിയായി അലി പറഞ്ഞു.

( Picture Source : Twitter )

” നീയെന്നെ വിമർശിച്ചേക്കാം. എന്നാൽ ഞാൻ നിന്നെ ഒരിക്കലും ടീമിൽ നിന്നും ഒഴിവാക്കിയിട്ടില്ല. റൂട്ട് നിന്നെ എത്ര തവണ ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ” മുൻ ക്യാപ്റ്റൻ തിരിച്ചടിച്ചു.

” അത് സത്യമാണ്, എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ വർഷം നിങ്ങൾ ഒന്നു മുതൽ ഒമ്പതാം നമ്പർ വരെ എന്നെ ബാറ്റ് ചെയ്യിപ്പിച്ചിട്ടുണ്ട്. ” മറുപടിയായി അലി പറഞ്ഞു.

അലിയ്ക്ക് മറുപടിയയി ഞാൻ അവസരം നൽകുക മാത്രമാണ് ചെയ്തതെന്ന് കുക്ക് പറഞ്ഞുവെങ്കിൽ പിന്നീട് ഇക്കാര്യത്തിൽ മറുപടി നൽകാതിരുന്ന അലി തൻ്റെ ആദ്യ അഭിപ്രായം ആവർത്തിക്കുകയായിരുന്നു. കുക്കിന് കളിക്കാരുമായി അടുപ്പമില്ലെന്ന് താൻ പറഞ്ഞിട്ടില്ലയെന്നും എന്നാൽ റൂട്ട് കളിക്കാരുമായി കൂടുതൽ വൈകാരിക അടുപ്പമുള്ള ക്യാപ്റ്റനാണെന്നും തോളോട് തോൾ നിന്നും പ്രവർത്തിക്കുന്ന ക്യാപ്റ്റനാണെന്നും അലി പറഞ്ഞു.

( Picture Source : Twitter )

ടെസ്റ്റിൽ ഇംഗ്ലണ്ടിനായി 60 ലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള മൊയിൻ അലി 2914 റൺസും 195 വിക്കറ്റും ഇംഗ്ലണ്ടിനായി നേടിയിട്ടുണ്ട്. ഈ ആഷസ് പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. മറുഭാഗത്ത് 161 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള കുക്ക് 2018 ലെ ഇന്ത്യയ്ക്കെതിരായ ഓവൽ ടെസ്റ്റോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.

( Picture Source : Twitter )