കഴിഞ്ഞ വർഷങ്ങളിലെ മോശം പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പരിഹസിച്ച ഓസ്ട്രേലിയൻ മാധ്യമത്തിന് അതേ നാണയത്തിൽ തകർപ്പൻ മറുപടി നൽകി മുൻ ഇന്ത്യൻ താരം വസിം ജാഫർ. 2019 മുതൽ ടെസ്റ്റിൽ കോഹ്ലിയേക്കാൾ ബാറ്റിങ് ശരാശരി ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനുണ്ടെന്ന് കാണിച്ചുകൊണ്ടാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഒഫീഷ്യൽ ബ്രോഡ്കാസ്റ്ററായ സെവൻ ക്രിക്കറ്റ് വിരാട് കോഹ്ലിയെ പരിഹസിച്ചത്. ഇതിനുപുറകെയാണ് അതേ നാണയത്തിൽ വസിം ജാഫർ തിരിച്ചടിച്ചത്.
2019 മുതൽ മിച്ചൽ സ്റ്റാർക്കിൻ്റെ ബാറ്റിങ് ശരാശരി 38 ന് മുകളിലാണ്. നിലവിൽ മോശം ഫോമിൽ തുടരുന്ന വിരാട് കോഹ്ലിയുടെ ഈ കാലയളവിലെ ബാറ്റിങ് ശരാശരിയാകട്ടെ 37.17 ആണ്. ഇന്നത്തെ ദിവസത്തെ കണക്ക് എന്നുപറഞ്ഞുകൊണ്ടാണ് സെവൻ ക്രിക്കറ്റ് ഈ പോസ്റ്റ് ട്വിറ്ററിൽ പങ്കുവെച്ചത്.
Your stat of the day…
— 7Cricket (@7Cricket) January 6, 2022
(h/t @triplemcricket) #Ashes pic.twitter.com/CCtu3EyHud
സെവൻ ക്രിക്കറ്റിൻ്റെ ഈ പോസ്റ്റിനെതിരെ ഇന്ത്യൻ ആരാധകർ പ്രതികരിച്ചുവെങ്കിലും അതിൽ രസകരമായത് മുൻ ഇന്ത്യൻ താരം വസിം ജാഫറുടെ മറുപടിയായിരുന്നു. ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിൻ്റെ ഇന്ത്യൻ പേസർ നവ്ദീപ് സെയ്നിയുടെയും ഏകദിന കരിയർ ആവറേജ് താരതമ്യം ചെയ്തുകൊണ്ടാണ് വസിം ജാഫർ ഓസ്ട്രേലിയൻ മാധ്യമത്തിന് അതേ ലോജിക്കിൽ മറുപടി നൽകിയത്.
ഇന്ത്യയ്ക്ക് വേണ്ടി എട്ട് ഏകദിനങ്ങൾ കളിച്ചിട്ടുള്ള സെയ്നിയുടെ ഏകദിന കരിയർ ആവറേജ് 53 ന് മുകളിലാണ്. മറുഭാഗത്ത് ഓസ്ട്രേലിയയുടെ നിലവിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായ സ്റ്റീവ് സ്മിത്തിൻ്റെ ഏകദിന ശരാശരിയാകട്ടെ 43.34 ഉം.
ODI Career batting average:
— Wasim Jaffer (@WasimJaffer14) January 6, 2022
Navdeep Saini: 53.50
Steve Smith: 43.34 😛 https://t.co/1PrcZ0HkDf
ട്രോളുകൾ മാറ്റിനിർത്തിയാൽ ഈ ആഷസ് പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് മിച്ചൽ സ്റ്റാർക്ക് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. നാല് മത്സരങ്ങളിൽ നിന്നും 14 വിക്കറ്റ് നേടി ടോപ്പ് വിക്കറ്റ് ടേക്കർമാരിൽ ഒന്നാം സ്ഥാനത്തുള്ള സ്റ്റാർക്ക് നാല് മത്സരങ്ങളിൽ നിന്നും 75.50 ശരാശരിയിൽ 151 റൺസ് പരമ്പരയിൽ ഇതിനോടകം നേടിയിട്ടുണ്ട്.