Skip to content

രക്ഷകരാകുമോ പുജാരയും രഹാനെയും, രണ്ടാം ദിനത്തിൽ മികവ് പുലർത്തി ഇന്ത്യ, താരമായി ഷാർദുൽ താക്കൂർ

ജോഹന്നാസ്ബർഗ് ടെസ്റ്റിൽ തിരിച്ചടിച്ച് ടീം ഇന്ത്യ. ആദ്യ ഇന്നിങ്സിൽ സൗത്താഫ്രിക്കയെ 229 റൺസിലൊതുക്കിയ ഇന്ത്യ രണ്ടാം ദിനം കളി നിർത്തുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 85 റൺസ് നേടിയിട്ടുണ്ട്. 42 പന്തിൽ ഏഴ് ഫോറടക്കം 35 റൺസ് നേടിയ ചേതേശ്വർ പുജാരയും 22 പന്തിൽ 11 റൺസ് നേടിയ അജിങ്ക്യ രഹാനെയുമാണ് രണ്ടാം ദിനം അവസാനിക്കുമ്പോൾ ക്രീസിലുള്ളത്. 58 റൺസിൻ്റെ ലീഡ് ഇതിനോടകം ഇന്ത്യ സ്വന്തമാക്കി.

( Picture Source : BCCI )

ആദ്യ ഇന്നിങ്സിൽ ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ കെ എൽ രാഹുൽ 21 പന്തിൽ 8 റൺസ് നേടി പുറത്തായപ്പോൾ മായങ്ക് അഗർവാൾ 37 പന്തിൽ 23 റൺസ് നേടിയാണ് പുറത്തായത്. മാർക്കോ ജാൻസണും ഒലിവിയറുമാണ് സൗത്താഫ്രിക്കയ്ക്ക് വേണ്ടി വിക്കറ്റുകൾ നേടിയത്.

( Picture Source : BCCI )

ഷാർദുൽ താക്കൂറിൻ്റെ തകർപ്പൻ ബൗളിങ് മികവിലാണ് ആദ്യ ഇന്നിങ്സിൽ സൗത്താഫ്രിക്കയെ ഇന്ത്യ ചുരുക്കികെട്ടിയത്. രണ്ടാം ദിനം 35 ന് ഒരു വിക്കറ്റ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച സൗത്താഫ്രിക്കയ്ക്ക് 229 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി.

17.5 ഓവറിൽ 61 റൺസ് വഴങ്ങി ഏഴ് വിക്കറ്റുകൾ താക്കൂർ വീഴ്ത്തി. മൊഹമ്മദ് ഷാമി രണ്ട് വിക്കറ്റും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും നേടി. 62 റൺസ് നേടിയ കീഗൻ പീറ്റേഴ്സനും 60 പന്തിൽ 51 റൺസ് നേടിയ ബാവുമയും മാത്രമാണ് സൗത്താഫ്രിക്കയ്ക്ക് വേണ്ടി തിളങ്ങിയത്. ആദ്യ ഇന്നിങ്സിൽ 27 റൺസിൻ്റെ ലീഡ് സൗത്താഫ്രിക്ക നേടിയിരുന്നു.

( Picture Source : BCCI )

നേരത്തെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 202 റൺസ് നേടിയാണ് പുറത്തായത്. ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ കെ എൽ രാഹുലും 46 റൺസ് നേടിയ അശ്വിനും മാത്രമായിരുന്നു ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയിച്ച ഇന്ത്യയ്ക്ക് ഈ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ സൗത്താഫ്രിക്കയിലെ തങ്ങളുടെ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കാം.

( Picture Source : BCCI )