Skip to content

സൗത്താഫ്രിക്കയെ എറിഞ്ഞുവീഴ്ത്തി ലോർഡ് താക്കൂർ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ജോഹന്നാസ്ബർഗ് ടെസ്റ്റിലെ തകർപ്പൻ ബൗളിങ് പ്രകടനത്തോടെ വമ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓൾ റൗണ്ടർ ഷാർദുൽ താക്കൂർ. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയ താക്കൂറിൻ്റെ മികവിൽ സൗത്താഫ്രിക്കയെ 229 റൺസിന് ഇന്ത്യ ചുരുക്കികെട്ടി. ഈ തകർപ്പൻ ബൗളിങ് പ്രകടനത്തോടെ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെയാണ് താക്കൂർ പിന്നിലാക്കിയത്.

( Picture Source : Twitter / BCCI )

മത്സരത്തിൽ രണ്ടാം ദിനം 35 ന് ഒരു വിക്കറ്റ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച സൗത്താഫ്രിക്കയ്ക്ക് 229 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. ആദ്യ ഇന്നിങ്സിൽ 27 റൺസിൻ്റെ ലീഡ് ആതിഥേയർ സ്വന്തമാക്കി. 17.5 ഓവറിൽ 61 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ ഷാർദുൽ താക്കൂറാണ് സൗത്താഫ്രിക്കൻ ബാറ്റിങ് നിരയെ തകർത്തത്. ടെസ്റ്റ് കരിയിലെ താക്കൂറിൻ്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൂടിയാണിത്. താക്കൂറിനൊപ്പം രണ്ട് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ഷാമിയും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു.

( Picture Source : Twitter / BCCI )

ആദ്യ ഇന്നിങ്സിലെ തകർപ്പൻ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ സൗത്താഫ്രിക്കയ്ക്കെതിരെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ഇന്ത്യൻ ബൗളറെന്ന റെക്കോർഡ് താക്കൂർ സ്വന്തമാക്കി.

( Picture Source : Twitter / BCCI )

2015 ൽ നാഗ്പൂരിൽ 66 റൺസ് വഴങ്ങി എഴ് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രൻ അശ്വിൻ്റെ റെക്കോർഡാണ് ഷാർദുൽ താക്കൂർ തകർത്തത്. സൗത്താഫ്രിക്കയ്ക്കെതിരെ ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ ഏഴ് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ പേസറെന്ന റെക്കോർഡും താക്കൂർ സ്വന്തമാക്കി. ഇതിനുമുൻപ് രവിച്ചന്ദ്രൻ അശ്വിനും ഹർഭജൻ സിങ്ങും മാത്രമാണ് സൗത്താഫ്രിക്കയ്ക്കെതിരെ ഒരു ഇന്നിങ്സിൽ ഏഴ് വിക്കറ്റ് നേടിയിട്ടുള്ളത്.

( Picture Source : Twitter / BCCI )

നേരത്തെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 202 റൺസ് നേടിയാണ് പുറത്തായത്. 133 പന്തിൽ 50 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുലും 50 പന്തിൽ 46 റൺസ് നേടിയ രവിചന്ദ്രൻ അശ്വിനും മാത്രമാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. സൗത്താഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ ജാൻസൻ 31 റൺസ് വഴങ്ങി നാല് വിക്കറ്റും കഗിസോ റബാഡയും ഒലിവിയറും മൂന്ന് വിക്കറ്റ് വീതവും നേടി.