Skip to content

രണ്ടാം ടെസ്റ്റിലെ തകർപ്പൻ പ്രകടനം, ഷാർദുൽ താക്കൂറിനെ പ്രശംസിച്ച് സച്ചിൻ ടെണ്ടുക്കറും വീരേന്ദർ സെവാഗും

സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ തകർപ്പൻ ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യൻ ബൗളർ ഷാർദുൽ താക്കൂറിനെ പ്രശംസിച്ച് സച്ചിൻ ടെണ്ടൽക്കറും വീരേന്ദർ സെവാഗും അടക്കമുള്ള മുൻ താരങ്ങൾ. ജോഹന്നാസ്ബർഗിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഏഴ് വിക്കറ്റുകളാണ് താക്കൂർ വീഴ്ത്തിയത്.

( Picture Source : BCCI )

താക്കൂറിൻ്റെ ബൗളിങ് മികവിൽ ആദ്യ ഇന്നിങ്സിൽ ആതിഥേയരായ സൗത്താഫ്രിക്കയെ 229 റൺസിന് ഇന്ത്യ ഓൾ ഔട്ടാക്കിയിരുന്നു. 17.5 ഓവറിൽ 61 റൺസ് വഴങ്ങിയാണ് താക്കൂർ ഏഴ് വിക്കറ്റ് വീഴ്ത്തിയത്. ടെസ്റ്റ് കരിയറിലെ താക്കൂറിൻ്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. കൂടാതെ സൗത്താഫ്രിക്കയ്ക്കെതിരെ ടെസ്റ്റിൽ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ഇന്ത്യൻ ബൗളറെന്ന നേട്ടവും താക്കൂർ സ്വന്തമാക്കി. 2015 ൽ നാഗ്പൂരിൽ 66 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രൻ അശ്വിൻ്റെ റെക്കോർഡാണ് താക്കൂർ തകർത്തത്.

( Picture Source : BCCI )

ഈ തകർപ്പൻ ബൗളിംഗ് പ്രകടനത്തിന് പുറകെ നിരവധി മുൻ ഇന്ത്യൻ താരങ്ങളാണ് താക്കൂറിനെ പ്രശംസിച്ച് രംഗത്തെത്തിയത്.

” സ്ഥിരതയാർന്ന ബൗളിങും വേരിയേഷനും കൊണ്ട് എഴ് വിക്കറ്റുകൾ വീഴ്ത്തിയ ഷാർദുൽ താക്കൂറിന് അഭിനന്ദനങ്ങൾ, മറ്റുള്ളവരും മികച്ച പിന്തുണ നൽകി ” ട്വിറ്ററിൽ സച്ചിൻ ടെൻഡുൽക്കർ കുറിച്ചു.

” ഷാർദുൽ താക്കൂറിനെ അഭിനന്ദിക്കണം, ഇത്തരം മനോഭാവമുള്ള കളിക്കാരെ എനിക്കിഷ്ടമാണ്, ക്യാപ്റ്റന്മാരുടെ സ്വപനം ” കമൻ്റേറ്റർ ഹർഷ ബോഗ്ലെ കുറിച്ചു.

” ധീരമായ പ്രകടനമായിരുന്നു ഷാർദുൽ താക്കൂറിൻ്റെത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു ഇന്ത്യയ്ക്കാരൻ്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. അവൻ്റെ സ്ഥിരതയ്ക്കും സാമത്ഥ്യത്തിനും ഈ ഏഴ് വിക്കറ്റുകൾ തീർച്ചയായും അർഹിച്ചിരുന്നു. അവൻ ഒറ്റയ്ക്ക് ഇന്ത്യയെ മത്സരത്തിൽ തിരികെയെത്തിച്ചു. ” വി വി എസ് ലക്ഷ്മൺ ട്വിറ്ററിൽ കുറിച്ചു.

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ 229 റൺസിന് ഓൾ ഔട്ടാക്കിയ ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 85 റൺസ് നേടിയിട്ടുണ്ട്. 365 റൺസ് നേടിയ ചേതേശ്വർ പൂജാരയം 11 റൺസ് നേടിയ അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. 58 റൺസിൻ്റെ ലീഡ് ഇന്ത്യ ഇതിനോടകം നേടിയിട്ടുണ്ട്.

( Picture Source : BCCI )