Skip to content

വിരാട് കോഹ്ലിയുടെ പ്രകടനവും മോശമല്ലേ, രഹാനെയെയും പുജാരയെയും പിന്തുണച്ച് മുൻ ഇന്ത്യൻ താരം

ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ നിന്നും ഇന്ത്യൻ സീനിയർ താരങ്ങളായ അജിങ്ക്യ രഹാനെയെയും ചേതേശ്വർ പൂജാരയെയും ഒഴിവാക്കേണ്ടതില്ലയെന്ന് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ. ആരാധകരും മുൻ താരങ്ങളും ഇരുവരെയും ഒഴിവാക്കണമെന്ന് ആവശ്യപെടുമ്പോഴാണ് വ്യത്യസ്ത നിർദ്ദേശം നെഹ്റ മുന്നോട്ട് വെച്ചത്. തൻ്റെ ഈ നിർദ്ദേശത്തിന് പിന്നിലെ കാരണവും മുൻ ഇന്ത്യൻ പേസർ വെളിപ്പെടുത്തി.

ജോഹന്നാസ്ബർഗ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 3 റൺസ് മാത്രം നേടിയാണ് പുജാര പുറത്തായത്. പിന്നാലെ തൊട്ടടുത്ത പന്തിൽ അജിങ്ക്യ രഹാനെ പൂജ്യത്തിന് പുറത്തായി. ഇരുവർക്കുമൊപ്പം മികച്ച പ്രകടനമല്ല ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. 2020 മുതൽ 27 ന് താഴെയാണ് ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ്റെ ശരാശരി.

” വിരാട് കോഹ്ലി പോലും മോശം പ്രകടമാണ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്, എന്നിട്ടും ആളുകൾ ടീമിലെ അവൻ്റെ സ്ഥാനത്തെ ചോദ്യം ചെയ്യുന്നില്ല. തീർച്ചയായും കോഹ്ലി ടീമിൻ്റെ ക്യാപ്റ്റനാണ്, അവരെ തമ്മിൽ താരതമ്യം ചെയ്യുന്നത് ശരിയല്ല. എന്നാൽ രഹാനെയും പുജാരയും രണ്ടാം തരക്കാരല്ല. ”

” ആദ്യ മത്സരത്തിൽ രഹാനെയെ പിന്തുണച്ചുവെങ്കിൽ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലും അവനെ കളിപ്പിക്കുന്നതാണ് നല്ലത്. ശരിയാണ്, പുജാരയും രഹാനെയും മോശം പ്രകടമാണ് കാഴ്ച്ചവെയ്ക്കുന്നത് എന്നാൽ ഒരു പ്രധാനപെട്ട പരമ്പരയുടെ ഇടയിൽ കളിക്കാരെ മാറ്റുന്നത് വലിയ തീരുമാനമാണ്. ശ്രേയസ് അയ്യർക്കും ഹനുമാ വിഹാരിയ്ക്കും മുൻപേ അവനെ തിരഞ്ഞെടുത്തുവെങ്കിൽ പരമ്പരയിലെ എല്ലാ മത്സരങ്ങളിലും അവനെ കളിപ്പിക്കണമെന്നാണ് എൻ്റെ അഭിപ്രായം. കാരണം ഒന്നോ രണ്ടോ ടെസ്റ്റുകൾ കൊണ്ട് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. ”

” കഴിഞ്ഞ കുറച്ചുകാലമായി അവരുടെ ബാറ്റിങിൽ പ്രശ്നങ്ങളുണ്ട്. അതിനാൽ എന്തുകൊണ്ട് അവർക്ക് ഒന്നോ രണ്ടോ മത്സരം കൂടി നൽകികൂടാ ? ടീം വിജയിക്കുമ്പോൾ കളിക്കാർക്ക് കൂടുതൽ അവസരങ്ങൾ നൽകാം. പരമ്പരയ്ക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനങ്ങളെടുക്കാം. ” ആശിഷ് നെഹ്റ പറഞ്ഞു.