Skip to content

അന്ന് രാഹുൽ ദ്രാവിഡിൻ്റെ സ്ഥാനം കൈവശപെടുത്തിയത് പുജാരയായിരുന്നു, കടുത്ത തീരുമാനങ്ങളിൽ നിന്നും ദ്രാവിഡ് പിന്മാറില്ല, ദിനേശ് കാർത്തിക്

സൗത്താഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ വിരാട് കോഹ്ലി തിരിച്ചെത്തുന്നതോടെ അജിങ്ക്യ രഹാനെയെയോ ചേതേശ്വർ പുജാരയെയോ ഇന്ത്യ ഒഴിവാക്കിയേക്കുമെന്ന് ദിനേശ് കാർത്തിക്. ഫോമിൽ തിരിച്ചെത്താൻ ഇരുവർക്കും ഇന്ത്യൻ ടീം നൽകിയ നീണ്ട കയർ സാവധാനം കത്തിനശിച്ചുവെന്നും ഇപ്പോൾ അതിൻ്റെ അവസാനത്തോടടുക്കുകയാണെന്നും ഒടുവിൽ കടുത്ത തീരുമാനം രാഹുൽ ദ്രാവിഡിൽ നിന്നുണ്ടാകുമെന്നും ദിനേശ് കാർത്തിക് പറഞ്ഞു.

രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ തൊട്ടടുത്ത പന്തുകളിലാണ് പുജാരയും രഹാനെയും പുറത്തായത്. പുജാര മൂന്ന് റൺ നേടി പുറത്തായപ്പോൾ രഹാനെ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താവുകയായിരുന്നു. 2020 മുതൽ 19 ഇന്നിങ്സിൽ നിന്നും 25.52 ശരാശരിയിൽ 868 റൺസ് മാത്രമാണ് പുജാര നേടിയിട്ടുള്ളത്. മറുഭാഗത്ത് 18 ഇന്നിങ്സിൽ നിന്നും 24.22 ശരാശരിയിൽ 752 റൺസ് മാത്രമാണ് രഹാനെ നേടിയിട്ടുള്ളത്.

” ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച ടീമാണ്, ആ ടീമിലെ മൂന്നാം നമ്പറിൽ കഴിഞ്ഞ മൂന്ന് വർഷത്തോളം സെഞ്ചുറി നേടാതെ സ്ഥാനം കണ്ടെത്താൻ പുജാരയ്ക്ക് സാധിച്ചു, അതുകൊണ്ട് തന്നെ എത്രത്തോളം വലിയ അവസരമാണ് തനിക്ക് ലഭിച്ചതെന്ന് അവന് ഉത്തമബോധ്യമുണ്ട്. ഒരു പരിധിവരെ ഇപ്പോഴും അവർ കളിക്കുന്നത് അവരുടെ കഴിവും ഒപ്പം ഇതിനുമുൻപ് അവർ കാഴ്ച്ചവെച്ച പ്രകടനങ്ങളുടെയും അടിസ്ഥാനത്തിലാണ്. കൂടാതെ അവർ ടീമിലെ തന്നെ മുതിർന്ന താരങ്ങളാണ്. എന്നാൽ അവർക്ക് നൽകിയ ആ നീളമുള്ള കയറിപ്പോൾ സാവധാനം കത്തിയെരിഞ്ഞ് അതിൻ്റെ അവസാനത്തിലേക്ക് എത്തിയിരിക്കുന്നു. അതിനെ കുറിച്ച് അവർ ബോധവാന്മാരാണെന്ന് എനിക്ക് ഉറപ്പുണ്ട്. ”

” അതിനൊപ്പം തന്നെ പുറത്തിരിക്കുന്ന യുവതാരങ്ങളുടെ കഴിവും കാണേണ്ടതുണ്ട്. ഇപ്പോൾ വിരാട് കോഹ്ലി തിരിച്ചെത്തിയാൽ രണ്ടിലൊരാൾക്ക് വഴിമാറേണ്ടി വരുമെന്ന് ഞാൻ കരുതുന്നു. ” ദിനേശ് കാർത്തിക് പറഞ്ഞു.

” രാഹുൽ ദ്രാവിഡ് തൻ്റെ കരിയറിൻ്റെ അവസാന ഘട്ടത്തിൽ ആയിരുന്നപ്പോൾ യഥാർത്ഥത്തിൽ പുജാരയാണ് മൂന്നാം സ്ഥാനത്ത് വന്ന് മികച്ച പ്രകടനം പുറത്തെടുത്ത് രാഹുൽ ദ്രാവിഡിനെ സമ്മർദ്ദത്തിലാക്കുകയും അദ്ദേഹത്തിൻ്റെ സ്ഥാനം കൈവശപ്പെടുത്തുകയും ചെയ്തത്. ആ ചക്രം ഇപ്പോൾ തിരിഞ്ഞിരിക്കുന്നു. രാഹുൽ ദ്രാവിഡിന് രണ്ട് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്ന് ഞാൻ കരുതുന്നു. അത് അവരെ രണ്ട് പേരെയും ഡ്രോപ്പ് ചെയ്യണമെന്നാണെങ്കിൽ പോലും അദ്ദേഹമത് ചെയ്യും. കാരണം വലിയ അവസരങ്ങൾ ഇരുവർക്കും നൽകിയിട്ടുണ്ടെന്ന് അദ്ദേഹത്തിനറിയാം. ” ദിനേശ് കാർത്തിക് കൂട്ടിചേർത്തു.