Skip to content

റബാഡയ്ക്കെതിരെ സിക്സ് പറത്തി ജസ്പ്രീത് ബുംറ, ഒപ്പമെത്തിയത് എസ് ശ്രീശാന്തിനൊപ്പം

സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ കഗിസോ റബാഡയ്ക്കെതിരെ പറത്തിയ സിക്സോടെ രസകരമായ നേട്ടത്തിൽ ഇടംനേടി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്സിൽ 202 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. ക്യാപ്റ്റൻ കെ എൽ രാഹുലിനും രവിചന്ദ്രൻ അശ്വിനുമൊപ്പം 11 പന്തിൽ പുറത്താകാതെ 14 റൺസ് നേടിയ ബുംറയും ചേർന്നാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്.

( Picture Source : BCCI )

ഇന്ത്യൻ ഇന്നിങ്സിലെ ഒരെയൊരു സിക്സും നേടിയത് ജസ്പ്രീത് ബുംറയായിരുന്നു. കഗിസോ റബാഡ എറിഞ്ഞ 62 ആം ഓവറിലെ മൂന്നാം പന്തിലായിരുന്നു ഈ സിക്സ് പിറന്നത്. ഈ സിക്സോടെ സൗത്താഫ്രിക്കയിൽ ടെസ്റ്റിൽ സിക്സ് നേടുന്ന രണ്ടാമത്തെ പത്താം നമ്പർ ഇന്ത്യൻ ബാറ്ററെന്ന നേട്ടം ബുംറ സ്വന്തമാക്കി. ഇതേ വേദിയിൽ 2006 ൽ നടന്ന മത്സരത്തിൽ മലയാളി താരം എസ് ശ്രീശാന്താണ് ഈ രസകരമായ നേട്ടം ആദ്യമായി സ്വന്തമാക്കിയത്.

( Picture Source : BCCI )

സൗത്താഫ്രിക്കൻ ആന്ദ്രെ നെല്ലിനെതിരെയായിരുന്നു 2006 ൽ നടന്ന മത്സരത്തിൽ ശ്രീശാന്ത് സിക്സ് പറത്തിയത്. സിക്സിന് ശേഷമുള്ള ശ്രീശാന്തിൻ്റെ ഡാൻസ് കളിച്ചുകൊണ്ടുള്ള സെലിബ്രേഷൻ ക്രിക്കറ്റ് ആരാധകർക്ക് മറക്കാൻ സാധിക്കാത്ത കാഴ്ച്ചകളിലൊന്നായിരുന്നു.

വീഡിയോ :

 

ഇന്ത്യ 123 റൺസിന് വിജയിച്ച മത്സരത്തിൽ ശ്രീശാന്തായിരുന്നു മാൻ ഓഫ് ദി മാച്ച്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 40 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്ത് രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. സൗത്താഫ്രിക്കൻ മണ്ണിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയം കൂടിയായിരുന്നു അത്.

( Picture Source : BCCI )

ജോഹന്നാസ്ബർഗിൽ നടന്ന ഒരു ടെസ്റ്റിലും ഇന്ത്യ പരാജയപെട്ടിട്ടില്ലയെങ്കിലും ഇക്കുറി ആദ്യ ദിനത്തിൽ മികച്ച പ്രകടമാണ് സൗത്താഫ്രിക്ക പുറത്തെടുത്തിരിക്കുന്നത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യയെ 202 റൺസിൽ ഒതുക്കിയ സൗത്താഫ്രിക്ക ആദ്യ ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് നേടിയിട്ടുണ്ട്. 11 റൺസ് നേടിയ ക്യാപ്റ്റൻ ഡീൻ എൽഗറും 14 റൺസ് നേടിയ കീഗാൻ പീറ്റേഴ്സനുമാണ് ക്രീസിലുള്ളത്. നേരത്തെ ആദ്യ ഇന്നിങ്സിൽ 50 റൺസ് നേടിയ കെ എൽ രാഹുലും 46 റൺസ് നേടിയ രവിചന്ദ്രൻ അശ്വിനും മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.

( Picture Source : BCCI )