Skip to content

വിക്കറ്റ് കീപ്പിങിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി റിഷഭ് പന്ത്, പിന്നിലാക്കിയത് സാക്ഷാൽ എം എസ് ധോണിയെ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. മഹേന്ദ്ര സിങ് ധോണിയെ പിന്നിലാക്കികൊണ്ടാണ് വിക്കറ്റ് കീപ്പിങിൽ ഈ റെക്കോർഡ് റിഷഭ് പന്ത് സ്വന്തമാക്കിയിരിക്കുന്നത്.

( Picture Source : BCCI )

മത്സരത്തിൽ സൗത്താഫ്രിക്കയുടെ ആദ്യ ഇന്നിങ്സിലെ 47 ആം ഓവറിലെ നാലാം പന്തിൽ ബാവുമയുടെ ക്യാച്ച് നേടിയതോടെ ടെസ്റ്റിൽ 100 ഡിസ്മിസലെന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് 24 ക്കാരനായ റിഷഭ് പന്ത്. തൻ്റെ 26 ആം മത്സരത്തിൽ ഈ നാഴികക്കല്ല് പിന്നിട്ട പന്ത് ഏറ്റവും വേഗത്തിൽ ടെസ്റ്റിൽ 100 ഡിസ്മിസൽ സ്വന്തമാക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന തകർപ്പൻ നേട്ടം സ്വന്തമാക്കി.

( Picture Source : BCCI )

36 മത്സരങ്ങളിൽ 100 ഡിസ്മിസ്സൽ നേടിയ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ മഹേന്ദ്ര സിങ് ധോണി, വൃദ്ധിമാൻ സാഹ എന്നിവരെ പിന്നിലാക്കിയാണ് ഈ തകർപ്പൻ റെക്കോഡ് റിഷഭ് പന്ത് സ്വന്തമാക്കിയത്. റിഷഭ് പന്തിൻ്റെ ഈ നേട്ടം ഇന്ത്യൻ പേസ് നിരയുടെ വളർച്ചയെയും കൂടിയാണ് ചൂണ്ടിക്കാണിക്കുന്നത്. തകർപ്പൻ പ്രകടനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിലും ഒപ്പം കഴിഞ്ഞ ഇംഗ്ലണ്ട്, ഓസ്ട്രേലിയ പര്യടനങ്ങളിലും ഇന്ത്യൻ പേസർമാർ കാഴ്ച്ചവെച്ചത്.

( Picture Source : BCCI )

ടെസ്റ്റിൽ 100 ഡിസ്മിസൽ സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. എം എസ് ധോണി, സെയ്ദ് കിർമാണി, കിരൺ മോറെ, നയാൻ മോംഗിയ, വൃദ്ധിമാൻ സാഹ എന്നിവരാണ് പന്തിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർമാർ.

2018 ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച പന്ത് 26 മത്സരങ്ങളിൽ നിന്നും 39.71 ശരാശരിയിൽ മൂന്ന് സെഞ്ചുറിയും ഏഴ് ഫിഫ്റ്റിയുമടക്കം 1549 റൺസ് ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്.

( Picture Source : BCCI )