സെഞ്ചുറിയില്ലാതെ മറ്റൊരു വർഷം കൂടി, വിരാട് കോഹ്ലിയുടെ കരിയറിൽ ഇതാദ്യം

ഈ വർഷവും അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടാനാകാതെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ഇന്നിങ്സിൽ 18 റൺസ് നേടി പുറത്തായതോടെ തുടർച്ചയായ രണ്ടാം വർഷവും കോഹ്ലിയ്ക്ക് സെഞ്ചുറി നേടാൻ സാധിച്ചില്ല.

( Picture Source : BCCI )

അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റത്തിന് ശേഷം ഇതാദ്യമായാണ് തുടർച്ചയായ രണ്ട് വർഷം കോഹ്ലിയ്ക്ക് സെഞ്ചുറി നേടാൻ സാധിക്കാതെ പോകുന്നത്. 2008 ൽ അരങ്ങേറ്റം  കുറിച്ച കോഹ്ലിയ്ക്ക് ആ വർഷം സെഞ്ചുറി നേടാൻ സാധിച്ചില്ലയെങ്കിലും പിന്നീട് 2019 വരെയുള്ള വർഷങ്ങളിൽ തുടർച്ചയായി സെഞ്ചുറി നേടിയിരുന്നു. 2017 ലും 2018 ലും മാത്രമായി 22 സെഞ്ചുറി കോഹ്ലിയുടെ ബാറ്റിൽ നിന്നും പിറന്നിരുന്നു.

( Picture Source : BCCI )

ഈ വർഷം മൂന്ന് ഫോർമാറ്റിലുമായി 24 മത്സരങ്ങൾ കളിച്ച കോഹ്ലി 37.07 ശരാശരിയിൽ  964 റൺസ് നേടിയിട്ടുണ്ട്. 10 ഫിഫ്റ്റി ഈ വർഷം നേടുവാൻ സാധിച്ചുവെങ്കിലും അഞ്ച് തവണ കോഹ്ലി ഈ വർഷം പൂജ്യത്തിന് പുറത്തായി. കഴിഞ്ഞ വർഷം 22 മത്സരങ്ങളിൽ നിന്നും 36.60 ശരാശരിയിൽ 842 റൺസാണ് കോഹ്ലി നേടിയിരുന്നത്. 2019 ൽ ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിലാണ് കോഹ്ലി തൻ്റെ അവസാന സെഞ്ചുറി നേടിയത്. 446 മത്സരങ്ങളിൽ നിന്നും 70 സെഞ്ചുറി നേടിയ കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവരുടെ പട്ടികയിൽ 100 സെഞ്ചുറി നേടിയ സച്ചിനും 71 സെഞ്ചുറി നേടിയ പോണ്ടിങിനും പുറകിൽ മൂന്നാം സ്ഥാനത്താണുള്ളത്.

( Picture Source : BCCI )

സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 35 റൺസ് നേടി പുറത്തായ കോഹ്ലിക്ക് രണ്ടാം ഇന്നിങ്സിൽ 18 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. രണ്ട് തവണയും കവർഡ്രൈവിന് ശ്രമിക്കവെയാണ് കോഹ്ലി പുറത്തായത്.

( Picture Source : BCCI )

മത്സരത്തിൽ 130 റൺസിൻ്റെ ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 174 റൺസിന് ഓൾ ഔട്ടായി. 34 പന്തിൽ 34 റൺസ് നേടിയ വിക്കറ്റ് കീപ്പർ റിഷഭ് പന്താണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ടോപ്പ് സ്കോറർ. 305 റൺസിൻ്റെ വിജയലക്ഷ്യമാണ് ഇന്ത്യ ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് മുൻപിൽ ഉയർത്തിയിരിക്കുന്നത്.

( Picture Source : BCCI )