Skip to content

ടെസ്റ്റ് പ്ലേയർ ഓഫ് ദി ഇയർ, നോമിനേഷൻ ലിസ്റ്റ് പുറത്തുവിട്ട് ഐസിസി, ജോ റൂട്ടിനൊപ്പം ഇടംപിടിച്ച് ഇന്ത്യൻ സീനിയർ താരം

ഐസിസി ടെസ്റ്റ് പ്ലേയർ ഓഫ് ദി ഇയർ അവാർഡിനുള്ള നോമിനേഷൻ ലിസ്റ്റ് പുറത്തുവിട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഈ വർഷം ടെസ്റ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച നാല് താരങ്ങളെയാണ് അന്തിമ ലിസ്റ്റിൽ ഐസിസി ഉൾപെടുത്തിയിരിക്കുന്നത്. ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസാണ് കഴിഞ്ഞ തവണ ടെസ്റ്റ് പ്ലേയർക്കുള്ള ഐസിസി പുരസ്കാരം നേടിയത്.

( Picture Source : Twitter )

ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്, ഇന്ത്യൻ സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ, ന്യൂസിലൻഡ് പേസർ കെയ്ൽ ജാമിൻസൺ, ശ്രീലങ്കൻ ഓപ്പണർ ദിമുത് കരുണരത്നെ എന്നിവരാണ് നോമിനേഷൻ ലിസ്റ്റിൽ ഇടം നേടിയ നാല് താരങ്ങൾ.

( Picture Source : Twitter )

ഈ വർഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് രവിചന്ദ്രൻ അശ്വിനാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നാല് മത്സരങ്ങളിൽ നിന്നും ഒഴിവാക്കപെട്ട ശേഷവും 9 മത്സരങ്ങളിൽ നിന്നും 52 വിക്കറ്റുകൾ ഈ വർഷം അശ്വിൻ ഇന്ത്യയ്ക്കായി വീഴ്ത്തി. ബൗളിങിൽ മാത്രമല്ല ബാറ്റിംഗിലും ഈ വർഷം ഇന്ത്യയ്ക്കായി അശ്വിൻ മികവ് പുലർത്തി. 14 ഇന്നിങ്സിൽ നിന്നും ഒരു സെഞ്ചുറിയടക്കം 341 റൺസ് ഈ വർഷം അശ്വിൻ്റെ ബാറ്റിൽ നിന്നും പിറന്നു. ഇതിനുമുൻപ് 2016 ൽ ഈ പുരസ്കാരം അശ്വിൻ നേടിയിട്ടുണ്ട്. ഈ വർഷം ഐസിസി ടെസ്റ്റ് പ്ലേയറാകുവാൻ സാധിച്ചാൽ ഏറ്റവും കൂടുതൽ തവണ ഈ പുരസ്കാരം നേടുന്ന താരമെന്ന നേട്ടത്തിൽ സ്റ്റീവ് സ്മിത്തിനൊപ്പമെത്താൻ അശ്വിന് സാധിക്കും.

മറുഭാഗത്ത് ഇംഗ്ലണ്ടിനായി ഒറ്റയാൾ പോരാട്ടമാണ് ക്യാപ്റ്റൻ ജോ റൂട്ട് ഈ വർഷം പുറത്തെടുത്തത്. ഈ വർഷം ടെസ്റ്റിൽ 29 ഇന്നിങ്സിൽ നിന്നും 61.00 ശരാശരിയിൽ 6 സെഞ്ചുറിയും നാല് ഫിഫ്റ്റിയുമടക്കം 1708 റൺസ് ജോ റൂട്ട് നേടി. ഈ പ്രകടനത്തോടെ ടെസ്റ്റിൽ ഒരു വർഷം ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന നേട്ടവും ഒരു വർഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റനെന്ന റെക്കോർഡും ജോ റൂട്ട് സ്വന്തമാക്കി. ജോ റൂട്ടിന് ശേഷം ഈ വർഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രോഹിത് ശർമ്മയ്ക്ക് നോമിനേഷൻ ലിസ്റ്റിൽ ഇടംനേടുവാൻ സാധിച്ചില്ല. ഈ വർഷം 11 മത്സരങ്ങളിൽ നിന്നും 906 റൺസ് ഹിറ്റ്മാൻ നേടിയിരുന്നു.

( Picture Source : Twitter )

ഈ വർഷം ശ്രീലങ്കയ്ക്ക് വേണ്ടി 13 ഇന്നിങ്സിൽ നിന്നും നാല് സെഞ്ചുറിയും മൂന്ന് ഫിഫ്റ്റിയുമടക്കം 902 റൺസ് നേടിയാണ് കരുണരത്നെ നോമിനേഷൻ ലിസ്റ്റിൽ ഇടംനേടിയത്. കെയ്ൽ ജാമിൻസനാകട്ടെ 5 മത്സരങ്ങളിൽ നിന്നും 27 വിക്കറ്റ് നേടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

( Picture Source : Twitter )