Skip to content

മെൽബൺ ടെസ്റ്റിലെ വമ്പൻ തോൽവി, ബംഗ്ലാദേശിനൊപ്പം വമ്പൻ നാണക്കേട് പങ്കിട്ട് ഇംഗ്ലണ്ട്

വമ്പൻ പരാജയമാണ് മെൽബണിൽ നടന്ന ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്. ബോക്സിങ് ഡേ ടെസ്റ്റിലെ ഈ തോൽവിയോടെ ആഷസ് പരമ്പരയും ഇംഗ്ലണ്ട് കൈവിട്ടു. ഇതിനുപുറകേ മത്സരത്തിലെ പരാജയത്തോടെ വമ്പൻ നാണക്കേട് ഏറ്റുവാങ്ങിയിരിക്കുകയാണ് ജോ റൂട്ടും കൂട്ടരും.

( Picture Source : Twitter )

മെൽബൺ ടെസ്റ്റിൽ ഒരു ഇന്നിങ്സിനും 14 റൺസിനുമാണ് ഇംഗ്ലണ്ട് പരാജയപെട്ടത്. ആദ്യ ഇന്നിങ്സിൽ 82 റൺസിൻ്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 68 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടപെട്ടു. 28 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ടും 11 റൺസ് നേടിയ ബെൻ സ്റ്റോക്സിനും മാത്രമാണ് രണ്ടാം ഇന്നിങ്സിൽ രണ്ടക്കം കടക്കുവാൻ സാധിച്ചത്.

നാലോവറിൽ 7 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ സ്കോട്ട് ബോളണ്ടാണ് ഇംഗ്ലണ്ടിനെ തകർത്തത്. മിച്ചൽ സ്റ്റാർക്ക് 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മത്സരത്തിലെ വിജയത്തോടെ രണ്ട് മത്സരങ്ങൾ കൂടെ ബാക്കിനിൽക്കെ ആഷസ് പരമ്പര 3-0 ന് ഓസ്ട്രേലിയ സ്വന്തമാക്കി. നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തിൽ 9 വിക്കറ്റിനും രണ്ടാം മത്സരത്തിൽ 275 റൺസിനും ഓസ്ട്രേലിയ വിജയിച്ചിരുന്നു.

( Picture Source : Twitter )

ഈ വർഷം ടെസ്റ്റിൽ ഇംഗ്ലണ്ട് ഏറ്റുവാങ്ങുന്ന ഒമ്പതാമത്തെ പരാജയമാണിത്. ആഷസ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപെട്ട ഇംഗ്ലണ്ട് ഈ വർഷം ഇന്ത്യയുമായി ഏറ്റുമുട്ടിയ എട്ട് മത്സരങ്ങളിൽ അഞ്ച് മത്സരങ്ങളിലും പരാജയപെട്ടിരുന്നു. കൂടാതെ ജൂണിൽ എഡ്ബാസ്റ്റ്ണിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡും ഇംഗ്ലണ്ടിനെ പരാജയപെടുത്തിയിരുന്നു. ഇതോടെ ടെസ്റ്റിൽ ഒരു വർഷം ഏറ്റവും കൂുതൽ മത്സരങ്ങളിൽ പരാജയപെടുന്ന ടീമെന്ന നാണക്കേടിൻ്റെ റെക്കോർഡ് ബംഗ്ലാദേശിനൊപ്പം ഇംഗ്ലണ്ട് പങ്കിട്ടു.

( Picture Source : Twitter )

2003 ൽ കളിച്ച ഒമ്പത് ടെസ്റ്റിൽ ഒമ്പതിലും പരാജയപെട്ടുകൊണ്ടാണ് ഈ നാണക്കേടിൻ്റെ റെക്കോർഡ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.

ഈ വർഷം ടെസ്റ്റിൽ 15 മത്സരങ്ങളിൽ 6 സെഞ്ചുറിയടക്കം നിന്നും 1708 റൺസ് നേടി തകർപ്പൻ പ്രകടനം ക്യാപ്റ്റൻ ജോ റൂട്ട് കാഴ്ച്ചവെച്ചുവെങ്കിലും മറ്റുള്ളവരുടെ മോശം പ്രകടനം ഇംഗ്ലണ്ടിന് വിനയാവുകയായിരുന്നു. 530 റൺസ് നേടിയ റോറി ബേൺസാണ് ജോ റൂട്ടിന് ശേഷം ഈ വർഷം ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം.

( Picture Source : Twitter )