Skip to content

മിന്നൽ ഷാമി, തകർപ്പൻ നേട്ടത്തിൽ അശ്വിനെയും സാക്ഷാൽ കപിൽ ദേവിനെയും പിന്നിലാക്കി

സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി. ആദ്യ ഇന്നിങ്സിൽ വെറും 44 റൺസ് മാത്രം വഴങ്ങിയാണ് ഷാമി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ഷാമിയുടെ ആറാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ടീമിലെ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ, ഇതിഹാസതാരം കപിൽ ദേവ് എന്നിവരെ പിന്നിലാക്കിയാണ് തകർപ്പൻ റെക്കോർഡ് ഷാമി സ്വന്തമാക്കിയത്.

( Picture Source : BCCI )

ഷാമിയുടെ ബൗളിങ് മികവിൽ സൗത്താഫ്രിക്കയെ ആദ്യ ഇന്നിങ്സിൽ 197 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ 130 റൺസിൻ്റെ നിർണായക ലീഡ് സ്വന്തമാക്കി. ഷാമിയ്ക്കൊപ്പം 2 വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറയും, ഷാർദുൽ താക്കൂറും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. 52 റൺസ് നേടിയ ബാവുമയും 34 റൺസ് നേടിയ ക്വിൻ്റൺ ഡീകോക്കുമാണ് സൗത്താഫ്രിക്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

( Picture Source : BCCI )

മത്സരത്തിലെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ ടെസ്റ്റിൽ 200 വിക്കറ്റുകൾ പൂർത്തിയാക്കിയിരിക്കുകയാണ് മൊഹമ്മദ് ഷാമി. ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ 9896 ആം പന്തിലാണ് ഷാമി 200 വിക്കറ്റുകൾ പൂർത്തിയാക്കിയത്. ഇതോടെ എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തിൽ ടെസ്റ്റിൽ 200 വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറെന്ന റെക്കോർഡ് ഷാമി സ്വന്തമാക്കി.

( Picture Source : BCCI )

10248 പന്തുകളെറിഞ്ഞുകൊണ്ട് 200 വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രൻ അശ്വിനെ പിന്നിലാക്കിയാണ് ഈ തകർപ്പൻ റെക്കോർഡ് ഷാമി സ്വന്തമാക്കിയത്. 11066 പന്തുകളിൽ നിന്നും ഈ നാഴികക്കല്ല് പിന്നിട്ട കപിൽ ദേവാണ് ഈ പട്ടികയിൽ ഷാമിയ്ക്കും അശ്വിനും പുറകിലുള്ളത്.

ടെസ്റ്റിൽ 200 വിക്കറ്റ് നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ പേസറാണ് മൊഹമ്മദ് ഷാമി. കപിൽ ദേവ്, സഹീർ ഖാൻ, ഇഷാന്ത് ശർമ്മ, ജവഗൽ ശ്രീനാഥ് എന്നിവരാണ് ഇതിനുമുൻപ് ടെസ്റ്റിൽ 200 വിക്കറ്റ് നേടിയിട്ടുള്ള ഇന്ത്യൻ പേസർമാർ. കളിച്ച മത്സരങ്ങളുടെ അടിസ്ഥാനത്തിൽ ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ പേസറാണ് ഷാമി. 55 മത്സരങ്ങളിൽ നിന്നാണ് ഷാമി ടെസ്റ്റിൽ 200 വിക്കറ്റ് പൂർത്തിയാക്കിയത്. കപിൽ ദേവ് (50 മത്സരം), ശ്രീനാഥ് (55 മത്സരം) എന്നിവരാണ് ഷാമിയേക്കാൾ വേഗത്തിൽ 200 വിക്കറ്റ് നേടിയ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ.

( Picture Source : BCCI )