Skip to content

സൗത്താഫ്രിക്കയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, ചരിത്രനേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെ എൽ രാഹുൽ . ടെസ്റ്റ് കരിയറിലെ തൻ്റെ ഏഴാം സെഞ്ചുറിയാണ് മത്സരത്തിൽ കെ എൽ രാഹുൽ കുറിച്ചത്. സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു ഇന്ത്യൻ ഓപ്പണർക്കും ഇതുവരെയും നേടാൻ സാധിക്കാത്ത റെക്കോർഡ് കെ എൽ രാഹുൽ സ്വന്തം പേരിൽ കുറിച്ചു.

( Picture Source : BCCI )

മത്സരത്തിൽ ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 273 റൺസ് നേടിയിട്ടുണ്ട്. 122 റൺസ് നേടിയ കെ എൽ രാഹുലും 40 റൺസ് നേടിയ അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. മികച്ച തുടക്കമാണ് കെ എൽ രാഹുലും മായങ്ക് അഗർവാളും ഇന്ത്യയ്ക്ക് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 117 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. അഗർവാൾ 123 പന്തിൽ 60 റൺസ് നേടിയാണ് പുറത്തായത്. ചേതേശ്വർ പുജാര ആദ്യ പന്തിൽ തന്നെ പുറത്തായപ്പോൾ ക്യാപ്റ്റൻ വിരാട് കോഹ്ലി 35 റൺസ് നേടി പുറത്തായി.

( Picture Source : BCCI )

മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും സൗത്താഫ്രിക്കയിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണറെന്ന ചരിത്രനേട്ടം കെ എൽ രാഹുൽ സ്വന്തമാക്കി. 2014 – 15 ൽ നടന്ന ബോർഡർ ഗാവസ്കർ ട്രോഫിയിലാണ് ഓസ്ട്രേലിയയിൽ കെ എൽ രാഹുൽ സെഞ്ചുറി നേടിയത്. തുടർന്ന് 2018 ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിലും കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ ലോർഡ്സ് ടെസ്റ്റിലും കെ എൽ രാഹുൽ സെഞ്ചുറി നേടിയിരുന്നു.

( Picture Source : BCCI )

ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും സൗത്താഫ്രിക്കയിലും ടെസ്റ്റ് സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് കെ എൽ രാഹുൽ. സച്ചിൻ ടെണ്ടുൽക്കർ, മൊഹമ്മദ് അസഹറുദ്ദീൻ, രാഹുൽ ദ്രാവിഡ്, വീരേന്ദർ സെവാഗ്, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി എന്നിവരാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ ബാറ്റ്സ്മാൻമാർ.

ടെസ്റ്റ് കരിയറിലെ ഏഴ് സെഞ്ചുറികളിൽ ആറ് സെഞ്ചുറിയും ഇന്ത്യയ്ക്ക് പുറത്താണ് കെ എൽ രാഹുൽ നേടിയിട്ടുള്ളത്.

( Picture Source : BCCI )