Skip to content

എന്നെ ഞാനാക്കിയത് അദ്ദേഹമാണ്, ഗാംഗുലിയുടെയും ധോണിയുടെയും ക്യാപ്റ്റൻസിയെ കുറിച്ച് മനസ്സുതുറന്ന് ഹർഭജൻ സിങ്

ഇന്ത്യൻ ക്യാപ്റ്റന്മാരായ സൗരവ് ഗാംഗുലിയുടെയും മഹേന്ദ്ര സിങ് ധോണിയുടെയും കീഴിൽ കളിച്ചതിൻ്റെ അനുഭവം പങ്കുവെച്ച് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. 1998 ൽ തൻ്റെ പതിനേഴാം വയസ്സിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഹർഭജൻ സിങ് ഡിസംബർ 24 ന് പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി 103 ടെസ്റ്റ് മത്സരങ്ങളിലും 236 ഏകദിന മത്സരങ്ങളിലും 28 ടി20 മത്സരങ്ങളിലും ഹർഭജൻ സിങ് കളിച്ചുണ്ട്. ടെസ്റ്റിൽ 417 വിക്കറ്റ് നേടിയ ഹർഭജൻ ഏകദിനത്തിൽ 269 വിക്കറ്റും ടി20യിൽ 25 വിക്കറ്റും നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അനിൽ കുംബ്ലെയ്ക്ക് ശേഷം ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയിട്ടുള്ള ബൗളർ കൂടിയാണ് ഹർഭജൻ സിങ്.

” ലളിതമായ ഉത്തരമാണ് എനിക്ക് നൽകാനുള്ളത്, ഞാൻ ആരും അല്ലാതിരുന്നപ്പോഴാണ് കരിയറിൻ്റെ ആദ്യ ഘട്ടത്തിൽ സൗരവ് ഗാംഗുലി എന്നെ കൈപിടച്ചുയർത്തിയത്. എന്നാൽ ധോണി ക്യാപ്റ്റനായപ്പോൾ ഞാൻ ടീമിൽ ആരോ ആയിരുന്നു. അതുകൊണ്ട് തന്നെ അതിലെ വലിയ വ്യത്യാസം മനസ്സിലാക്കേണ്ടതുണ്ട്. ”

” എനിക്ക് കഴിവുകളുണ്ടെന്ന് ദാദയ്ക്ക് അറിയാമായിരുന്നു. എന്നാൽ അതെനിക്ക് പുറത്തെടുക്കാൻ സാധിക്കുമോയെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ധോണിയുടെ കാര്യത്തിലാകട്ടെ ഞാൻ അവന് മുൻപും ഇന്ത്യയെ മത്സരങ്ങളിൽ വിജയിപ്പിച്ചിട്ടുണ്ടെന്നും അവന് വേണ്ടിയും മത്സരങ്ങൾ വിജയിപ്പിക്കാൻ സാധിക്കുമെന്നും അവനറിയാമായിരുന്നു. ” ഹർഭജൻ സിങ് പറഞ്ഞു.

” ജീവിതത്തിലായാലും പ്രൊഫഷനിലായാലും ശരിയായ ദിശയിൽ നിങ്ങളെ നയിക്കുന്ന ഒരാളെ ആവശ്യമുണ്ട്. എനിക്കാ ഒരാൾ സൗരവ് ഗാംഗലിയായിരുന്നു. സൗരവ് ഗാംഗുലി എനിക്ക് വേണ്ടി പോരാടി എന്നെ ടീമിൽ ഉൾപെടുത്തിയില്ലായിരുന്നെങ്കിൽ ഇന്ന് നിങ്ങൾക്കീ അഭിമുഖം എടുക്കുവാൻ സാധിക്കുകയില്ലായിരുന്നു. എന്നെ ഞാനാക്കിയത് അദ്ദേഹമാണ്. ധോണി തീർച്ചയായും മികച്ച ക്യാപ്റ്റനായിരുന്നു. സൗരവിൻ്റെ പാരമ്പര്യം തുടരാൻ അവന് സാധിച്ചു. ഒരുപാട് മത്സരങ്ങളിൽ ഞങ്ങൾ പോരാടി, അത് തീർച്ചയായും ഞാൻ വിലമതിക്കുന്നു. ” ഹർഭജൻ സിങ് കൂട്ടിച്ചേർത്തു.