Skip to content

അത് അശ്വിനെ വേദനിപ്പിച്ചുവെങ്കിൽ എനിക്കതിൽ സന്തോഷമുണ്ട്, മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

2019 ലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടത്തിനിടെ കുൽദീപ് യാദവാണ് ഓവർസീസിലെ ഇന്ത്യയുടെ ഒന്നാം നമ്പർ സ്പിന്നറെന്ന തൻ്റെ പ്രസ്താവന രവിചന്ദ്രൻ അശ്വിനെ വേദനിപ്പിച്ചുവെങ്കിൽ താനതിൽ സന്തോഷവാനാണെന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. അടുത്തിടെ നടന്ന അഭിമുഖത്തിൽ കുൽദീപ് യാദവിനെ വിദേശത്തെ ഇന്ത്യയുടെ ഒന്നാം നമ്പർ സ്പിന്നറെന്ന് രവി ശാസ്ത്രി വിശേഷിപ്പിച്ച നിമിഷം താൻ തകർന്നുപോയെന്ന് അശ്വിൻ വെളിപ്പെടുത്തിയത്. ഇതിനുപിന്നാലെയാണ് അശ്വിന് മറുപടിയുമായി രവി ശാസ്ത്രി എത്തിയിരിക്കുന്നത്.

കുൽദീപ് യാദവാണ് ഓവർസീസിലെ ഇന്ത്യയുടെ ഒന്നാം നമ്പർ സ്പിന്നറെന്ന രവി ശാസ്ത്രിയുടെ പ്രസ്താവന തന്നെ പൂർണമായും തകർത്തുവെന്നും കുൽദീപ് യാദവിൻ്റെ നേട്ടത്തിൽ സന്തോഷവാനായിരുന്നുവെങ്കിലും മത്സരശേഷമുള്ള പാർട്ടിയിൽ പങ്കെടുക്കാൻ തനിക്ക് മനസ്സുവന്നില്ലയെന്നും ബസിനടിയിലേക്ക് വലിച്ചെറിയുന്നത് പോലെയാണ് തനിക്ക് തോന്നിയതെന്നും അശ്വിൻ തുറന്നുപറഞ്ഞിരുന്നു.

” സിഡ്നി ടെസ്റ്റിൽ അശ്വിൻ കളിച്ചിരുന്നില്ല. കുൽദീപ് യാദവാകട്ടെ നന്നായി ബൗൾ ചെയ്യുകയും ചെയ്തു. അതുകൊണ്ട് തന്നെ ഞാൻ കുൽദീപ് യാദവിന് അവസരം നൽകുന്നതിൽ എന്ത് തെറ്റാണുള്ളത്. അത് അശ്വിനെ വേദനിപ്പിച്ചുവെങ്കിൽ ഞാൻ സന്തോഷവാനാണ്, കാരണം എൻ്റെ പ്രസ്താവന അശ്വിനെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുവാൻ പ്രേരിപ്പിച്ചു. എല്ലാവർക്കും വേണ്ടി വെണ്ണ പുരട്ടുന്നതല്ല, യാതൊരു അജണ്ടയുമില്ലാതെ വസ്തുതകൾ പറയുകയെന്നതാണ് എൻ്റെ ജോലി. ” രവി ശാസ്ത്രി പറഞ്ഞു.

” നിങ്ങളുടെ പരിശീലകൻ വെല്ലുവിളിച്ചാൽ നിങ്ങളെന്താണ് ചെയ്യുക ? കരഞ്ഞുകൊണ്ട് വീട്ടിൽ പോയി ഞാൻ ഇനി തിരിച്ചുവരില്ലെന്ന് പറയുമോ, ഒരു കളിക്കാരൻ എന്ന നിലയിൽ പരിശീലകൻ തെറ്റാണെന്ന് തെളിയിക്കുന്നതിനായി അതൊരു വെല്ലുിളിയായി ഞാനത് ഏറ്റെടുക്കും. കുൽദീപിനെ പറ്റിയുള്ള എൻ്റെ പ്രസ്താവന അശ്വിനെ വേദനിപ്പിച്ചുവെങ്കിൽ ആ പ്രസ്താവന നടത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. ”

” 2019 ലും 2021 ലും അശ്വിൻ പന്തെറിഞ്ഞ രീതി നോക്കൂ, അത് ചോക്കും ചീസും പോലെയാണ്. ബസിനടിയിലേക്ക് വലിച്ചെറിയുന്നതിനെ കുറിച്ചും അശ്വിൻ പറഞ്ഞു, അതിനെകുറിച്ചോർത്ത് അശ്വിൻ വിഷമിക്കേണ്ട, ബസ് ഡ്രൈവറോട് രണ്ടോ മൂന്നോ അടിമുൻപേ വണ്ടി നിർത്തുവാൻ ഞാൻ പറഞ്ഞിരുന്നു. അന്ന് അശ്വിന് നൽകിയ നിർദ്ദേശം ഫിറ്റായിരിക്കണമെന്ന് മാത്രമാണ്. അവൻ അതിനായി പ്രവർത്തിച്ചു. ഇപ്പോൾ അവൻ്റെ ബൗളിങ് നോക്കൂ, അവൻ ലോകോത്തര ബൗളറായി മാറിയിരിക്കുന്നു. ” രവി ശാസ്ത്രി പറഞ്ഞു.