Skip to content

ഏകദിന ടീമിൽ നിന്നും അവനെ ഒഴിവാക്കുന്നത് അനീതിയാകും, മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും ഓപ്പണർ ശിഖാർ ധവാനെ ഒഴിവാക്കുന്നത് അനീതിയായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം ഇതിനോടകം സൗത്താഫ്രിക്കയിൽ എത്തിയെങ്കിലും ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിൽ ഋതുരാജ് ഗയ്ഗ്വാദ്, വെങ്കടേഷ് അയ്യർ അടക്കമുള്ള യുവതാരങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ മോശം പ്രകടമായിരുന്നു ധവാൻ കാഴ്ച്ചവെച്ചത്.

വിജയ് ഹസാരെ ട്രോഫിയിൽ അഞ്ച് ഇന്നിങ്സിൽ നിന്നും 56 റൺസ് മാത്രമാണ് ധവാൻ നേടിയത്. മറുഭാഗത്ത് ഋതുരാജ് ഗയ്ഗ്വാദ് 5 മത്സരങ്ങളിൽ നാല് സെഞ്ചുറിയടക്കം 150.75 ശരാശരിയിൽ 603 റൺസ് ടൂർമെൻ്റിൽ നേടിയിരുന്നു. വെങ്കടേഷ് അയ്യരാകട്ടെ 5 മത്സരങ്ങളിൽ നിന്നും 69.80 ശരാശരിയിൽ 349 റൺസും നേടിയിരുന്നു.

” വിജയ് ഹസാരെ ട്രോഫിയിൽ ശിഖാർ ധവാൻ്റെ പ്രകടനം മോശമായിരുന്നു. സെലക്ടർമാർ അവനെ ഒഴിവാക്കുമോ ? എങ്കിൽ അത് അവനോട് ചെയ്യുന്ന വലിയ അനീതിയായിരിക്കും ”

” എൻ്റെ അഭിപ്രായത്തിൽ സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും പ്ലേയിങ് ഇലവനിൽ അവൻ ഉണ്ടായിരിക്കണം, കാരണം അവന് ഇന്ത്യയ്ക്ക് വേണ്ടി കഴിവ് തെളിയിച്ച താരമാണ്. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് അവൻ പുറത്തെടുത്തിട്ടുള്ളത്. വൈറ്റ് ബോൾ ക്രിക്കറ്റിൽ മിസ്റ്റർ ഐസിസിയെന്നാണ് അവനെ വിളിക്കുന്നത്. പ്രത്യേകിച്ചും ഏകദിനത്തിൽ ” ആകാശ് ചോപ്ര പറഞ്ഞു.

” 2023 ഏകദിന ലോകകപ്പ് ലക്ഷ്യം വെച്ചുകൊണ്ട് എന്തിനാണ് അവനെ പുറത്താക്കുന്നത്. അവൻ അപ്പോൾ ഫിറ്റ് ആണെങ്കിൽ കളിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം. അതൊരിക്കലും അവനെ ഒഴിവാക്കാനുള്ള കാരണമല്ല. ഐ പി എല്ലിലെ അവൻ്റെ പ്രകടനം നോക്കൂ, ലോകകപ്പ് ടീമിൽ അവൻ ഉണ്ടാകണമെന്ന് പോലും ആരാധകർ ആവശ്യപെട്ടു. ഋതുരാജ് റൺസ് നേടുന്നത് കൊണ്ടോ വെങ്കടേഷ് അയ്യർക്ക് ഓപ്പൺ ചെയ്യാമെന്നുതുകൊണ്ടോ ഇഷാൻ കിഷനെ പോലെയുള്ള താരങ്ങൾ ഉയർന്നുവരുന്നതുകൊണ്ടോ അവനെ ഒഴിവാക്കണോ ? ആരെങ്കിലും മോശം പ്രകടനം കാഴ്ച്ചവെച്ചാൽ അവനെ നിങ്ങൾക്ക് ഒഴിവാക്കാം എന്നാൽ മറ്റുള്ളവർ മികച്ച പ്രകടനം തുടരുന്നതുകൊണ്ട് ഒരാളെ ഒഴിവാക്കുന്നത് അനീതിയാണ്. ” ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

ഏകദിന ക്രിക്കറ്റിൽ 145 മത്സരങ്ങളിൽ നിന്നും 45.55 ശരാശരിയിൽ 6105 റൺസ് ധവാൻ ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്. സൗത്താഫ്രിക്കയിൽ 18 മത്സരങ്ങളിൽ നിന്നും 49.87 ശരാശരിയിൽ 798 റൺസും ധവാൻ നേടിയിട്ടുണ്ട്.