Skip to content

അത് കഴിഞ്ഞ അഞ്ച് വർഷത്തിലെ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനം, സൗരവ് ഗാംഗുലി

ഐസിസി ടി20 ലോകകപ്പിലേത് കഴിഞ്ഞ അഞ്ച് വർഷത്തിലെ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനമായിരുന്നുവെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. 2017 ൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിലും ഐസിസി ഏകദിന ലോകകപ്പിലും കിരീടം നേടുവാൻ സാധിച്ചില്ലയെങ്കിലും മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ച്ചവെച്ചതെന്നും എന്നാൽ യു എ ഇയിൽ നടന്ന ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനം അങ്ങനെയായിരുന്നില്ലയെന്നും ഗാംഗുലി പറഞ്ഞു.

2013 ൽ എം എസ് ധോണിയുടെ കീഴിലാണ് ഇന്ത്യ അവസാനമായി ഐസിസി ടൂർണമെൻ്റ് വിജയിച്ചത്. തുടർന്ന് 2014 ടി20 ലോകകപ്പിൽ ഫൈനലിൽ പ്രവേശിച്ച ഇന്ത്യ 2015 ഏകദിന ലോകകപ്പിൽ സെമി ഫൈനലിലും ചാമ്പ്യൻസ് ട്രോഫിയിൽ ഫൈനലിലും ഏകദിന ലോകകപ്പിൽ സെമിഫൈനലിലും പ്രവേശിച്ചിരുന്നു. എന്നാൽ ശക്തമായ ടീമുമായി ഐസിസി ടി20 ലോകകപ്പിലെത്തിയ ഇന്ത്യയ്ക്ക് നോകൗട്ടിൽ പ്രവേശിക്കുവാൻ സാധിച്ചില്ല. കൂടാതെ ഐസിസി ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യ പാകിസ്ഥാനോട് പരാജയപെടുകയും ചെയ്തു.

” തുറന്നുപറയുകയാണെങ്കിൽ 2017 ചാമ്പ്യൻസ് ട്രോഫിയിലും 2019 ഏകദിന ലോകകപ്പിലും മികച്ച പ്രകനമായിരുന്നു ഇന്ത്യ കാഴ്ച്ചവെച്ചത്. 2019 ഏകദിന ലോകകപ്പിൽ നമ്മുടെ പ്രകടനം വളരെ മികച്ചതായിരുന്നു, ഒരൊറ്റ മോശം ദിവസം രണ്ട് മാസക്കാലത്തെ എല്ലാ കഠിനപ്രയ്തനങ്ങളും വിഫലമാക്കി. എന്നാൽ എന്നെ നിരാശനാക്കിയത് ഈ ലോകകപ്പിലെ നമ്മുടെ പ്രകടനമാണ്. കഴിഞ്ഞ നാലോ അഞ്ചോ വർഷത്തെ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്. ”

” എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. സ്വാതന്ത്ര്യത്തോടെ കളിക്കാൻ നമുക്ക് സാധിച്ചില്ലയെന്നാണ് എനിക്ക് തോന്നിയത്. പാകിസ്ഥാനെതിരെയും നൂസിലാൻഡിനെതിരെയും നമ്മൾ കളിച്ച ശൈലിനോക്കൂ. കഴിവിൻ്റെ 15 ശതമാനം പോലും പുറത്തെടുക്കാൻ ആ മത്സരങ്ങളിൽ ഇന്ത്യയ്ക്ക് സാധിച്ചില്ല. ഈ തെറ്റുകളിൽ നിന്നും നമുക്ക് പഠിക്കാൻ സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ” ഗാംഗുലി പറഞ്ഞു.