‘അത് ധോണിയുടെ തീരുമാനം അല്ലെന്ന് മനസ്സിലാക്കാൻ അദ്ദേഹത്തോടൊപ്പം കളിച്ച അനുഭവം മതി’ : കോഹ്ലിയുടെ തീരുമാനങ്ങൾക്കെതിരെ ഗംഭീറിന്റെ രൂക്ഷ വിമർശനം

2021 ടി20 ലോകക്കപ്പിലെ ആദ്യ 2 മത്സരങ്ങളിലും പാകിസ്താനും ന്യൂസിലാൻഡിന് എതിരെയും തോറ്റതോടെ സെമിഫൈനലിൽ പ്രവേശിക്കാനുള്ള ഇന്ത്യയുടെ സാധ്യതകൾ താറുമാറായിരിക്കുകയാണ്. ഇനി ശേഷിക്കുന്ന 3 മത്സരങ്ങളിൽ ജയിച്ചാൽ പോലും ന്യൂസിലാൻഡിനെതിരെയുടെ മറ്റ് ടീമുകളുടെ ജയം അനുസരിച്ചിരിക്കും ഇന്ത്യയുടെ സാധ്യതകൾ.

ന്യൂസിലാൻഡിനെതിരെ നടന്ന നിർണായകമായ രണ്ടാം മത്സരത്തിൽ ഒന്ന് പൊരുതാൻ പോലും മനസ്സ് കാണിക്കാതെയാണ് ഇന്ത്യ കീഴടങ്ങിയത്. ടീമിൽ മാറ്റം വരുത്തിയിട്ടും ടോപ്പ് ഓർഡർ അഴിച്ചുപണി നടത്തിയിട്ടും ഇന്ത്യയ്ക്ക് ജയം നേടനായിരുന്നില്ല. ഇപ്പോഴിതാ ടീമിൽ മാറ്റങ്ങൾ വരുത്തിയതിന്റെ പേരിൽ കോഹ്ലിക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് ഗംഭീർ.

“തന്ത്രജ്ഞനെന്ന നിലയിൽ കോഹ്‌ലി എന്നെ ഒരിക്കലും ആകർഷിച്ചിട്ടില്ല.  ഞായറാഴ്ച വീണ്ടും കോഹ്ലി നിരാശനാക്കി. എന്തുകൊണ്ടാണ് അദ്ദേഹം പാകിസ്ഥാനെതിരെ കളിച്ച ടീമിൽ നിന്ന് മാറ്റം വരുത്തിയത്?  അത് പോരായിട്ട്, ബാറ്റിംഗ് ഓർഡറും മാറ്റി, രോഹിത്തിന് പകരം ഇഷാൻ കിഷനെ ഓപ്പൺ ചെയ്തു. “

“എംഎസ് ധോണിക്ക് ഒപ്പം കളിച്ച അനുഭവം വെച്ച് എനിക്ക് മനസ്സിലാക്കാൻ കഴിയും ഈ ആലോചിക്കാതെയുള്ള മാറ്റങ്ങളിൽ അദ്ദേഹത്തിന് യാതൊരു പങ്കുമില്ലെന്ന്. മറ്റ് സപ്പോർട്ട് സ്റ്റാഫുകൾ കോഹ്‌ലിയുടെ തീരുമാനങ്ങളെ വെല്ലുവിളിക്കുന്നില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു ” ഗംഭീർ പറഞ്ഞു.

അതേസമയം ഇന്ന് ആദ്യ ജയം തേടി അഫ്ഗാനിസ്ഥാനെ നേരിടുകയാണ് ഇന്ത്യ. ഇന്ന് ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് എന്തെങ്കിലും സാധ്യതകള്‍ ബാക്കി നില്‍ക്കൂ. നിലവിലെ സാഹചര്യത്തില്‍ പാകിസ്ഥാനൊപ്പം ന്യൂസിലന്‍ഡ് സെമിയില്‍ കടക്കാനാണ് സാധ്യത കൂടുതല്‍. ഇതിനെയെല്ലാം മറികടന്ന് ഇന്ത്യ വരണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.