Skip to content

ഐസിസി ടി20 റാങ്കിങ്, ഡേവിഡ് മലാനെ പിന്നിലാക്കി ബാബർ അസം ഒന്നാം സ്ഥാനത്ത്

ഐസിസി ടി20 ലോകകപ്പിലെ തകർപ്പൻ പ്രകടനങ്ങൾക്ക് പുറകെ ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഇംഗ്ലണ്ട് ബാറ്റർ ഡേവിഡ് മലാനെ പിന്നിലാക്കിയാണ് ബാബർ അസം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഐസിസി ഏകദിന ബാറ്റിങ് റാങ്കിലും ഒന്നാം സ്ഥാനത്താണ് ബാബർ അസം.

( Picture Source : Twitter / ICC T20 WORLD CUP )

ഐസിസി ടി20 ലോകകപ്പിൽ നാല് മത്സരങ്ങളിൽ മൂന്ന് മത്സരങ്ങളിലും ബാബർ അസം ഫിഫ്റ്റി നേടിയിരുന്നു. ഇന്ത്യയ്ക്കെതിരായ ആദ്യ മത്സരത്തിൽ 52 പന്തിൽ പുറത്താകാതെ 68 റൺസ് നേടിയ താരം അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തിൽ 47 പന്തിൽ 51 റൺസും നമീബിയക്കെതിരായ മത്സരത്തിൽ 49 പന്തിൽ 70 റൺസും നേടിയിരുന്നു. ഈ പ്രകടനങ്ങൾക്ക് പുറകെയാണ് ഡേവിഡ് മലാനെ പിന്നിലാക്കി ബാബർ അസം ഒന്നാം റാങ്ക് തിരിച്ചുപിടിച്ചത്. അഞ്ചാം സ്ഥാനത്തുള്ള വിരാട് കോഹ്ലിയും എട്ടാം സ്ഥാനത്തുള്ള കെ എൽ രാഹുലമാണ് റാങ്കിങിൽ ആദ്യ പത്തിലുള്ള ഇന്ത്യൻ ബാറ്റർമാർ.

( Picture Source : Twitter / ICC T20 WORLD CUP )

ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചാണ് റാങ്കിങിൽ നേട്ടമുണ്ടാക്കിയ മറ്റൊരു താരം റാങ്കിങിൽ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഫിഞ്ച് ബാബർ അസമിനും ഡേവിഡ് മലാനും പുറകിൽ മൂന്നാം സ്ഥാനത്തെത്തി. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ 8 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തെത്തി.

( Picture Source : Twitter / ICC T20 WORLD CUP )

ടൂർണമെന്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന ശ്രീലങ്കൻ സ്പിന്നർ ഹസരങ്ക ബൗളർമാരുടെ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി. സൗത്താഫ്രിക്കൻ സ്പിന്നർ ഷംസിയെയാണ് ഹസരങ്ക പിന്നിലാക്കിയത്.

ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച സൗത്താഫ്രിക്കൻ പേസർ ആന്റിച്ച് നോർക്കിയ 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തിയപ്പോൾ ഇംഗ്ലണ്ട് പേസർ ക്രിസ് ജോർദാൻ ഒമ്പതാം സ്ഥാനത്തും ഇഷ് സോദി പത്താം സ്ഥാനത്തുമെത്തി. ബൗളർമാരുടെ ആദ്യ പത്തിൽ ഒരു ഇന്ത്യൻ താരത്തിനും ഇടം കണ്ടെത്താൻ സാധിച്ചില്ല.

( Picture Source : Twitter / ICC T20 WORLD CUP )