Skip to content

തകർപ്പൻ തിരിച്ചുവരവ്, അഫ്‌ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 66 റൺസിന്റെ വമ്പൻ വിജയം

അഫ്‌ഗാനിസ്ഥാനെ 66 റൺസിന് പരാജയപെടുത്തി ഐസിസി ടി20 ലോകകപ്പിലെ ആദ്യ വിജയം നേടി ഇന്ത്യ. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 211 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന അഫ്‌ഗാനിസ്ഥാന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 144 റൺസ് എടുക്കാൻ മാത്രമേ സാധിച്ചുള്ളൂ.

(Picture Source : Twitter / ICC T20 WORLD CUP )

ഈ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ വിജയമാണിത്. 32 പന്തിൽ 35 റൺസ് നേടിയ മൊഹമ്മദ് നബിയും 16 പന്തിൽ 27 റൺസ് നേടിയ കരിം ജനധും മാത്രമാണ് റൺചേസിൽ അഫ്‌ഗാനിസ്ഥാന് വേണ്ടി അല്പമെങ്കിലും മികവ് പുറത്തെടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്രൻ അശ്വിൻ നാലോവറിൽ 14 റൺസ് വഴങ്ങി രണ്ട് വിക്കറ്റും മൊഹമ്മദ് ഷാമി നാലോവറിൽ 32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

(Picture Source : Twitter / ICC T20 WORLD CUP )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48 പന്തിൽ 69 റൺസ് നേടിയ കെ എൽ രാഹുൽ, 47 പന്തിൽ 8 ഫോറും 3 സിക്സുമടക്കം 74 റൺസ് നേടിയ രോഹിത് ശർമ്മ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 140 റൺസ് ഇരുവരും കൂട്ടിച്ചേർത്തു.

(Picture Source : Twitter / ICC T20 WORLD CUP )

ഇരുവരും പുറത്തായ ശേഷം ക്രീസിലെത്തിയ റിഷഭ് പന്ത്‌ 13 പന്തിൽ 27 റൺസും ഹാർദിക് പാണ്ഡ്യ 13 പന്തിൽ 35 റൺസും നേടിയതോടെയാണ് ഇന്ത്യൻ സ്കോർ 200 കടന്നത്. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണിത്.

(Picture Source : Twitter / ICC T20 WORLD CUP )

മറ്റൊരു മത്സരത്തിൽ ന്യൂസിലാൻഡ് സ്കോട്ലൻഡിനെ 16 റൺസിന് പരാജയപെടുത്തി ഈ ലോകകപ്പിലെ രണ്ടാം വിജയം സ്വന്തമാക്കി. മത്സരത്തിൽ 56 പന്തിൽ 93 റൺസ് നേടിയ മാർട്ടിൻ ഗപ്റ്റിലിന്റെ മികവിൽ ന്യൂസിലാൻഡ് ഉയർത്തിയ 173 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സ്കോട്ലൻഡിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. ന്യൂസിലാൻഡിന് വേണ്ടി ട്രെൻഡ് ബോൾട്ട്, ഇഷ് സോധി എന്നിവർ 2 വിക്കറ്റ് വീതവും സൗത്തീ ഒരു വിക്കറ്റും നേടി.

നവംബർ അഞ്ചിന് സ്കോട്ലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. നവംബർ ഏഴിന് ന്യൂസിലാൻഡിനെതിരെയാണ് അഫ്‌ഗാനിസ്ഥാന്റെ അടുത്ത മത്സരം.

(Picture Source : Twitter / ICC T20 WORLD CUP )