Skip to content

ഐ പി എൽ കിരീടം നേടിയ ലുങ്കി എൻഗിഡിയെ മാത്രം അഭിനന്ദിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക, രൂക്ഷമായി വിമർശിച്ച് ഡെയ്ൽ സ്റ്റെയ്ൻ

ഐ പി എൽ പതിനാലാം സീസൺ കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലെ സൗത്താഫ്രിക്കൻ താരമായ ലുങ്കി എൻഗിഡിയെ മാത്രം അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വിവാദങ്ങൾക്ക് തുടക്കമിട്ട് ക്രിക്കറ്റ് സൗത്താഫ്രിക്ക. സീസണിൽ ഉടനീളം തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച മുൻ ക്യാപ്റ്റൻ കൂടിയായ ഫാഫ് ഡുപ്ലെസിസ്, ഇമ്രാൻ താഹിർ എന്നിവരെ അവഗണിച്ചുകൊണ്ടാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക എൻഗിഡിയെ മാത്രം അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചത്. ഇതിനുപുറകെ മുൻ പേസർ ഡെയ്ൽ സ്റ്റെയ്നും ആരാധകരും ക്രിക്കറ്റ് സൗത്താഫ്രിക്കയെ വിമർശിച്ച് രംഗത്തെത്തുകയും ഉടനെ പോസ്റ്റ് അക്കൗണ്ടിൽ നിന്നും നീക്കംചെയ്യപെടുകയും ചെയ്തു.

( Picture Source : IPL )

” ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ഐ പി എൽ 2021 കിരീടം നേടിയ ലുങ്കി എൻഗിഡിയ്ക്ക് അഭിനന്ദനങ്ങൾ ” ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിവാദ പോസ്റ്റിൽ ക്രിക്കറ്റ് സൗത്താഫ്രിക്ക കുറിച്ചു.

” ഈ അക്കൗണ്ട് ആരാണ് നടത്തികൊണ്ടിരിക്കുന്നത്, ഫാഫും ഇമ്രാൻ താഹിറും വിരമിച്ചിട്ടില്ല. രണ്ടുപേരും വർഷങ്ങളോളം ക്രിക്കറ്റ് സൗത്താഫ്രിക്കയ്ക്ക് വേണ്ടി സേവനങ്ങൾ ചെയ്തു. എന്നിട്ടും ഒന്നുമെൻഷൻ പോലും തയ്യാറാകുന്നില്ല. വളരെയധികം വെറുപ്പ്‌ തോന്നുന്നു. ” പോസ്റ്റിന് ഡെയ്ൽ സ്റ്റെയ്ൻ കമന്റ് ചെയ്തു. പുറകെ ” റിയലി ക്രിക്കറ്റ് സൗത്താഫ്രിക്ക ” യെന്ന് ഫാഫ് ഡുപ്ലെസിസും പോസ്റ്റിന് കീഴെ കമന്റ് ചെയ്തിരുന്നു. പോസ്റ്റിനെതിരെ ആരാധകരും സ്റ്റെയ്നും അടക്കമുള്ളവർ രംഗത്തെത്തിയതോടെ ഗത്യന്തരമില്ലാതെ അവർ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.

( Picture Source : IPL )

ഫൈനലിൽ 59 പന്തിൽ 7 ഫോറും 3 സിക്സുമടക്കം 86 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസ് മാൻ ഓഫ് ദി മാച്ചും നേടിയിരുന്നു. സീസണിൽ 16 മത്സരങ്ങളിൽ നിന്നും 45.21 ശരാശരിയിൽ 6 ഫിഫ്റ്റിയടക്കം 138 ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിൽ 633 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസിന് വെറും 2 റൺസ് അകലെയാണ് ഓറഞ്ച് ക്യാപ് നഷ്ടമായത്. 635 റൺസ് നേടിയ സഹതാരം ഋതുരാജ് ഗയ്ഗ്വാദാണ് ഓറഞ്ച് ക്യാപ് നേടിയത്.

( Picture Source : IPL )

ഫൈനൽ മത്സരത്തോടെ ഐ പി എല്ലിൽ 100 മത്സരങ്ങൾ ഫാഫ് ഡുപ്ലെസിസ് പൂർത്തിയാക്കി. ഐ പി എല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്ററെന്ന നേട്ടവും ഫാഫ് ഫൈനാലിലെ തകർപ്പൻ പ്രകടനത്തോടെ സ്വന്തമാക്കി.

( Picture Source : IPL )