ഓറഞ്ച് ക്യാപ് നേടി ഋതുരാജ് ഗയ്ഗ്വാദ് സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്
തകർപ്പൻ പ്രകടനമാണ് ഐ പി എൽ 2021 ൽ ചെന്നൈ സൂപ്പർ കിങ്സ് ഓപ്പണർ ഋതുരാജ് ഗയ്ഗ്വാദ് കാഴ്ച്ചവെച്ചത്. ചെന്നൈ സൂപ്പർ കിങ്സിന്റെ കിരീടനേട്ടത്തിൽ സുപ്രധാന പങ്കുവഹിച്ച ഗയ്ഗ്വാദ് സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടി ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയിരുന്നു. സീസണിൽ ഓറഞ്ച് ക്യാപ് നേടിയതോടെ ഐ പി എൽ ആദ്യ സീസണിൽ പിറന്ന റെക്കോർഡ് തകർത്തുകൊണ്ട് തകർപ്പൻ നേട്ടവും യുവതാരം സ്വന്തമാക്കി.

സീസണിൽ 16 ഇന്നിങ്സിൽ നിന്നും 45.35 ശരാശരിയിൽ 135 ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിൽ 635 റൺസ് ഋതുരാജ് ഗയ്ഗ്വാദ് നേടിയിരുന്നു. ഒരു സെഞ്ചുറിയും നാല് ഫിഫ്റ്റിയും സീസണിൽ ഗയ്ഗ്വാദിന്റെ ബാറ്റിൽ നിന്നും പിറന്നു. 633 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസാണ് സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ബാറ്റർ. വെറും 3 റൺസ് അകലെയാണ് ഫാഫ് ഡുപ്ലെസിസിന് ഓറഞ്ച് ക്യാപ് നഷ്ട്ടമായത്. 13 ഇന്നിങ്സിൽ നിന്നും 626 റൺസ് നേടിയ കെ എൽ രാഹുൽ, 16 ഇന്നിങ്സിൽ നിന്നും 587 റൺസ് നേടിയ ശിഖാർ ധവാൻ, 14 ഇന്നിങ്സിൽ നിന്നും 513 റൺസ് നേടിയ ആർ സി ബിയുടെ ഓസ്‌ട്രേലിയൻ ബാറ്റർ ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരാണ് സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ഗയ്ഗ്വാദിനും ഫാഫ് ഡുപ്ലെസിസിനും പുറകിലുള്ളത്.

ഐ പി എല്ലിൽ ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന തകർപ്പൻ നേട്ടവും ഋതുരാജ് ഗയ്ഗ്വാദ് സ്വന്തമാക്കി. ഐ പി എൽ ആദ്യ സീസണിൽ 11 ഇന്നിങ്സിൽ നിന്നും 616 റൺസ് നേടിയ ഓസ്‌ട്രേലിയൻ ബാറ്റർ ഷോൺ സ്വന്തമാക്കിയ റെക്കോർഡാണ് 13 സീസണുകൾക്ക് ശേഷം ഇപ്പോൾ ഋതുരാജ് ഗയ്ഗ്വാദ് തകർത്തത്.

2008 ൽ ഓറഞ്ച് ക്യാപ് നേടുമ്പോൾ 24 വർഷവും 328 ദിവസമായിരുന്നു മാർഷിന്റെ പ്രായം. 2016 ൽ തന്റെ 27 ആം വയസ്സിൽ ഓറഞ്ച് ക്യാപ് നേടിയ വിരാട് കോഹ്ലിയും 2018 ൽ 27 ആം വയസ്സിൽ ഓറഞ്ച് ക്യാപ് നേടിയ കെയ്ൻ വില്യംസനുമാണ് ഈ നേട്ടത്തിൽ ഗയ്ഗ്വാദിനും മാർഷിനും പുറകിലുള്ളത്.

ഓറഞ്ച് ക്യാപ് നേടുന്ന രണ്ടാമത്തെ അൺക്യാപഡ് പ്ലേയറെന്ന നേട്ടവും ഋതുരാജ് ഗയ്ഗ്വാദ് സ്വന്തമാക്കി. 2008 സീസണിൽ ഓറഞ്ച് ക്യാപ് നേടിയ ഷോൺ മാർഷ് തന്നെയാണ് ഈ നേട്ടവും ആദ്യമായി സ്വന്തമാക്കിയത്. വിരാട് കോഹ്ലി, സച്ചിൻ ടെണ്ടുൽക്കർ, കെ എൽ രാഹുൽ, റോബിൻ ഉത്തപ്പ എന്നിവർക്ക് ശേഷം ഓറഞ്ച് ക്യാപ് നേടുന്ന ഇന്ത്യൻ താരവും മൈക്കൽ ഹസി, മാത്യൂ ഹെയ്ഡൻ എന്നിവർക്ക് ശേഷം ഓറഞ്ച് ക്യാപ് നേടുന്ന ചെന്നൈ സൂപ്പർ കിങ്സ് ബാറ്ററും കൂടിയാണ് ഋതുരാജ് ഗയ്ഗ്വാദ്.
