അത് ഐ പി എല്ലിലെ തന്നെ ഏറ്റവും മോശം ഓവർ, കോഹ്ലിയെയും ഡാനിയേൽ ക്രിസ്റ്റ്യനെയും വിമർശിച്ച് ഗംഭീർ

ഐ പി എൽ ചരിത്രത്തിൽ തന്നെ താൻ കണ്ട ഏറ്റവും മോശം ഓവറാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ എലിമിനേറ്ററിൽ ഡാനിയേൽ ക്രിസ്റ്റ്യൻ എറിഞ്ഞതെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ആ ഘട്ടത്തിൽ ക്രിസ്റ്റ്യന് ഓവർ നൽകിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തീരുമാനത്തെയും ഗൗതം ഗംഭീർ വിമർശിച്ചു.

ക്രിസ്റ്റ്യൻ എറിഞ്ഞ 12 ആം ഓവറിൽ മൂന്ന് സിക്സ് ഉൾപ്പെടെ 22 റൺസാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നേടിയത്. വിജയിക്കാൻ ആറിന് മുകളിൽ വേണ്ടിയിരുന്ന റൺറേറ്റ് ആ ഓവറിന് ശേഷം 4.75 ആയി കുറയുകയും ചെയ്തു. ക്രിസ്റ്റ്യനെ പോലെ ടി20 ക്രിക്കറ്റിൽ പരിചയസമ്പന്നനായ കളിക്കാരനിൽ നിന്നും ഇത്തരത്തിലുള്ള പിഴവ് പ്രതീക്ഷിച്ചില്ലയെന്നും ഓഫ് സ്റ്റമ്പിന് വെളിയിലായാണ് നരെയ്നെതിരെ പന്തെറിയേണ്ടിയിരുന്നതെന്നും ഗൗതം ഗംഭീർ പറഞ്ഞു.

( Picture Source : IPL )

” ഐ പി എല്ലിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മോശം ഓവറായിരുന്നു അത്. തീർച്ചയായും വളരെയധികം മോശം ഓവറുകൾ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ നരെയ്നെതിരെ ഹാൾഫ്‌ ക്രാക്കർ എറിയുക !! മറ്റേരേക്കാളും ടി20 ക്രിക്കറ്റ് കളിച്ചിട്ടുള്ള ക്രിസ്റ്റ്യനെ പോലെ ഒരാളിൽ നിന്നും അത് പ്രതീക്ഷിച്ചില്ല. “

( Picture Source : IPL )

” ഒരോവറിൽ 22 റൺസ് വിട്ടുകൊടുത്ത ആ ഓവറാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ക്രിസ്റ്റ്യൻ ഓഫ് സ്റ്റമ്പിന് വെളിയിൽ ലെങ്ത് ബോളെറിയുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. കാരണം നരെയ്ന്റെ ശക്തി ലെഗ് സൈഡിലാണ്. എക്സ്പീരിയൻസ് ഉപയോഗിച്ച് ആ ജോലി പൂർത്തിയാക്കാൻ ഒരുങ്ങിതന്നെയാണ് നരെയ്ൻ എത്തിയത്. ” ഗംഭീർ പറഞ്ഞു.

( Picture Source : IPL )

” വളരെ മോശം ക്യാപ്റ്റൻസി കൂടിയാണിത്. കാരണം ആ ഓവറിന് മുൻപേ ഹർഷൽ പട്ടേൽ വിക്കറ്റ് നേടിയിരുന്നു. തന്റെ പ്രധാന ബൗളർക്കാണ് കോഹ്ലി ഓവർ നൽകേണ്ടിയിരുന്നത്, യുസ്വേന്ദ്ര ചഹാലിനോ, അല്ലെങ്കിൽ മൊഹമ്മദ് സിറാജിനോ. ഡാനിയേൽ ക്രിസ്റ്റ്യൻ ഒരിക്കലും വിക്കറ്റ് വീഴ്ത്താൻ കഴിവുള്ള ബൗളറല്ല. ആ ഘട്ടത്തിൽ നരെയ്നെ പുറത്താക്കാൻ സാധിച്ചിരുന്നുവെങ്കിൽ കെ കെ ആർ സമ്മർദ്ദത്തിലായേനെ. ” ഗംഭീർ പറഞ്ഞു.

ഐ പി എല്ലിൽ തുടർച്ചയായ രണ്ടാം സീസണിലാണ് എലിമിനേറ്ററിൽ പരാജയപെട്ട് ആർ സി ബി പുറത്താകുന്നത്. മത്സരത്തിലെ പരാജയത്തോടെ ആർ സി ബി ക്യാപ്റ്റൻ സ്ഥാനത്തുനിന്നും കോഹ്ലി പടിയിറങ്ങി. സീസൺ പുനരാരംഭിക്കുന്നത് മുൻപേ ആർ സി ബി ക്യാപ്റ്റനായുള്ള തന്റെ അവസാന ഐ പി എല്ലായിരിക്കും ഇതെന്ന് കോഹ്ലി പറഞ്ഞിരുന്നു. ഐ പി എൽ കിരീടം നേടുവാൻ സാധിച്ചില്ലയെങ്കിലും ഐസിസി ടി20 കിരീടം നേടി ഇന്ത്യൻ ടി20 ക്യാപ്റ്റൻ സ്ഥാനത്തുനിന്നും രാജകീയമായി കോഹ്ലി പടിയിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

( Picture Source : IPL )