Skip to content

ഒരു ക്യാപ്റ്റന് വേണ്ട വിവേകമോ തന്ത്രങ്ങളോ അവനുണ്ടായിരുന്നില്ല, കോഹ്ലിയെ വിമർശിച്ച് ഗൗതം ഗംഭീർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ എലിമിനേറ്റർ പോരാട്ടത്തോടെ ആർ സി ബി ക്യാപ്റ്റൻ സ്ഥാനത്തോട് വിടപറഞ്ഞിരിക്കുകയാണ് വിരാട് കോഹ്ലി. നീണ്ട എട്ട് വർഷം ആർ സി ബിയെ നയിച്ചിരുന്നുവെങ്കിലും ടീമിന് ഐ പി എൽ കിരീടം നേടികൊടുക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടില്ല. മത്സരത്തിന് പുറകെ കോഹ്ലിയുടെ ക്യാപ്റ്റൻസിയെ വിമർശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഒരു ക്യാപ്റ്റന് വേണ്ട വിവേകം ഒരിക്കലും വിരാട് കോഹ്ലിയ്ക്ക് ഉണ്ടായിരുന്നില്ലയെന്നും തന്ത്രപരമായി തീരുമാനങ്ങളെടുക്കാനും കോഹ്ലിയ്ക്ക് സാധിച്ചിട്ടില്ലയെന്നും ഗംഭീർ വിമർശിച്ചു.

( Picture Source : IPL )

ഐ പി എല്ലിൽ 140 മത്സരങ്ങളിൽ ആർ സി ബിയെ നയിച്ചിട്ടുള്ള കോഹ്ലി 66 മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്. 70 മത്സരങ്ങളിലാണ് കോഹ്ലിയുടെ കീഴിൽ ആർ സി ബി പരാജയപെട്ടത്. 2016 ൽ ആർ സി ബിയെ ഫൈനലിലെത്തിച്ച കോഹ്ലി കഴിഞ്ഞ രണ്ട് സീസണുകളിലും ടീമിനെ പ്ലേയോഫിലെത്തിച്ചു. ഐ പി എല്ലിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്ററെന്ന നേട്ടവും ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സെഞ്ചുറിയും ഫിഫ്റ്റിയും നേടിയ ബാറ്ററെന്ന നേട്ടവും വിരാട് കോഹ്ലിയുടെ പേരിലാണ്.

( Picture Source : IPL )

” കുറെയേറെ വർഷം അവൻ ക്യാപ്റ്റനായി തുടർന്നു, എട്ട് വർഷമെന്നത് വളരെയേറെ കാലമാണ്, നിങ്ങൾ അവന്റെ പാഷനെ കുറിച്ചും മറ്റു കാര്യങ്ങളെ കുറിച്ചും പറഞ്ഞു. എന്നാൽ അവനൊരിക്കലും തന്ത്രജ്ഞനായിരുന്നില്ല, കൂടാതെ ഒരു ക്യാപ്റ്റന് ക്രിക്കറ്റ് ഫീൽഡിൽ ആവശ്യമായ വിവേകവും അവനുണ്ടായുരുന്നില്ല. ”

” ഒരു ക്യാപ്റ്റന് എപ്പോഴും മത്സരത്തെ മുൻകൂട്ടി കാണാനാകണം. തീർച്ചയായും പാഷനും എനർജിയും ആവശ്യമാണ്, എന്നാൽ അതുകൊണ്ട് മാത്രം നിങ്ങൾക്ക് ട്രോഫികൾ നേടാൻ സാധിക്കില്ല. ഒരു ക്യാപ്റ്റൻ മികച്ച തന്ത്രഞ്ജൻ കൂടിയായിരിക്കണം, കൂടാതെ ആ തന്ത്രങ്ങൾ എപ്പോൾ പ്രയോഗിക്കണമെന്നുള്ള ബോധ്യവും ഉണ്ടായിരിക്കണം. ” ഗംഭീർ പറഞ്ഞു.

( Picture Source : IPL )

” മത്സരത്തിനൊപ്പം നീങ്ങാതെ ഒന്നോ രണ്ടോ ഓവർ മുൻകൂട്ടി തീരുമാനങ്ങൾ നിർവചിക്കേണ്ടതുണ്ട്. അതാണ് ടി20 ക്രിക്കറ്റിലെ മികച്ച ക്യാപ്റ്റന്മാർ ചെയ്തിട്ടുള്ളത്. മൂന്ന് ഫോർമാറ്റിലും അവൻ ഇന്ത്യയെ ഒരുപാട് കാലം നയിച്ചു. എന്നാൽ ഒരു ക്യാപ്റ്റന് വേണ്ട വിവേകമോ ബുദ്ധികൂർമതയോ അവനിൽ കണ്ടിട്ടില്ലയെന്ന് എനിക്കുറപ്പിച്ച് പറയാൻ സാധിക്കും. ” ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.

( Picture Source : IPL )