Skip to content

മറ്റെന്തിനേക്കാളും വലുത് ആത്മാർത്ഥതയാണ്, ആർ സി ബി യിൽ തുടരുമോയെന്ന ചോദ്യത്തിന് മറുപടി നൽകി കോഹ്ലി

ഐ പി എല്ലിലെ അവസാന മത്സരം വരെ തന്റെ പ്രതിബദ്ധത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് മാത്രമായിരിക്കുമെന്ന് വിരാട് കോഹ്ലി. എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റ് പുറത്തായതിന് ശേഷമായിരുന്നു കോഹ്ലിയുടെ ഈ പ്രതികരണം. ഐ പി എല്ലിൽ ആർ സി ബി ക്യാപ്റ്റനായുള്ള കോഹ്ലിയുടെ അവസാന മത്സരമാണിത്. ഐ പി എല്ലിൽ മറ്റേതെങ്കിലും ടീമിന് വേണ്ടി കളിക്കുമോയെന്ന ചോദ്യത്തിനും മത്സരശേഷം കോഹ്ലി മറുപടി നൽകി.

( Picture Source : IPL )

ഷാർജയിൽ നടന്ന എലിമിനേറ്ററിൽ 4 വിക്കറ്റിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയിച്ചത്. മത്സരത്തിൽ ആർ സി ബി ഉയർത്തിയ 139 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് കെ കെ ആർ മറികടന്നത്. 15 പന്തിൽ 26 റൺസ് നേടിയ സുനിൽ നരെയ്ന്റെ പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്. ആർ സി ബിയ്ക്ക് വേണ്ടി മൊഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ, യുസ്വേന്ദ്ര ചഹാൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും മത്സരത്തിൽ ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത ആർ സി ബിയെ നാലോവറിൽ 21 റൺസ് വഴങ്ങി 4 വിക്കറ്റ് നേടിയ സുനിൽ നരെയ്നാണ് കുറഞ്ഞ സ്കോറിൽ ചുരുക്കികെട്ടിയത്.

( Picture Source : IPL )

” യുവതാരങ്ങൾക്ക് ടീമിലെത്തി അഗ്രസീവ് ക്രിക്കറ്റ് ഫ്രീഡത്തോടെയും വിശ്വാസത്തോടെയും കളിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിലും ഞാൻ ആ അന്തരീക്ഷം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. എന്റെ കഴിവിന്റെ പരമാവധി ഞാൻ ടീമിന് നൽകി. അതിന്റെ പ്രതികരണം എപ്രകാരമാണെന്ന് എനിക്കറിയില്ല. എന്നാൽ എല്ലാ സമയത്തും ഈ ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി കഴിവിന്റെ 120 ശതമാനവും ഞാൻ നൽകിയിട്ടുണ്ട്. അതിനിടെ ഒരു പ്ലേയറെന്ന നിലയിൽ ഞാൻ തുടരും. ”

( Picture Source : IPL )

” തീർച്ചയായും ( ഐ പി എല്ലിൽ മറ്റു ടീമുകളിൽ കളിക്കുന്നതിനെ കുറിച്ച് ), മറ്റൊരു ടീമിലും ടീമിലും എനിക്ക് കളിക്കാനാകില്ല. മറ്റെന്ത് ലൗകിക സുഖങ്ങളേക്കാൾ ഞാൻ വിലകൽപ്പിക്കുന്നത് ആത്മാർഥതയ്ക്കാണ്. ഐ പി എല്ലിൽ കളിക്കുന്ന അവസാന ദിവസം വരെയും എന്റെ പ്രതിബദ്ധത ആർ സി ബിയോട് മാത്രമായിരിക്കും. ” കോഹ്ലി പറഞ്ഞു.

( Picture Source : IPL )

2008 മുതൽ ആർ സി ബി ടീമിന്റെ ഭാഗമാണ് വിരാട് കോഹ്ലി. രാഹുൽ ദ്രാവിഡ്, കെവിൻ പീറ്റേഴ്സൺ, അനിൽ കുംബ്ലെ, ഡാനിയേൽ വെട്ടോറി എന്നിവർക്ക് ശേഷം 2011 ലാണ് കോഹ്ലി ആദ്യമായി ആർ സി ബിയെ നയിച്ചത്. ഐ പി എല്ലിൽ 140 മത്സരങ്ങളിൽ ആർ സി ബിയെ നയിച്ചിട്ടുള്ള കോഹ്ലി 66 മത്സരങ്ങളിൽ ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലും കോഹ്ലിയുടെ കീഴിൽ ടീം പ്ലേയോഫ് യോഗ്യത നേടിയെങ്കിലും രണ്ട് തവണയും എലിമിനേറ്ററിൽ പരാജയപെട്ടുകൊണ്ട് ടീം പുറത്തായി.

( Picture Source : IPL )