Skip to content

മെഗാ ലേലത്തിന് മുൻപായി ആർ സി ബി നിലനിർത്തേണ്ട മൂന്ന് താരങ്ങളെ തിരഞ്ഞെടുത്ത് ബ്രയാൻ ലാറ, സൂപ്പർതാരത്തെ ഒഴിവാക്കി

ഐ പി എൽ മെഗാതാരലേലത്തിന് മുൻപായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിലനിർത്തേണ്ട മൂന്ന് താരങ്ങളെ തിരഞ്ഞെടുത്ത് വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. പതിമൂന്നാം സീസണിൽ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് നാല് വിക്കറ്റിന് പരാജയപെട്ട് ആർ സി ബി പുറത്താവുകയായിരുന്നു. ആർ സി ബി ക്യാപ്റ്റനായുള്ള വിരാട് കോഹ്ലിയുടെ അവസാന സീസൺ കൂടിയാണിത്. അതുകൊണ്ട് തന്നെ അടുത്ത സീസണിലേക്കായി പുതിയ ടീമിനെ തിരഞ്ഞെടുക്കേണ്ട ജോലിയ്ക്കൊപ്പം പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ട വെല്ലുവിളിയും ആർ സി ബി കാത്തിരിക്കുകയാണ്.

( Picture Source : IPL )

ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞുവെങ്കിലും ആർ സി ബിയിൽ തന്നെ തുടരുമെന്ന് വിരാട് കോഹ്ലി വ്യക്തമാക്കിയിട്ടുണ്ട്. മെഗാ ലേലത്തിന് മുൻപായി വിരാട് കോഹ്ലിയ്ക്കൊപ്പം ആർ സി ബി ഓസ്‌ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെല്ലിനെ നിർത്തണമെന്നാണ് വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ നിർദ്ദേശിച്ചത്. ഇരുവർക്കുമൊപ്പം യുവ ഓപ്പണർ ദേവ്ദത് പടിക്കലിനെയും നിലനിർത്തണമെന്ന് ബ്രയാൻ ലാറ നിർദ്ദേശിച്ചു. വർഷങ്ങളായി ടീമിന്റെ പ്രധാന താരമായ എ ബി ഡിവില്ലിയേഴ്സിനെ നിലനിർത്തേണ്ടതില്ലയെന്നും അതിന് പിന്നിലെ കാരണവും ലാറ വിശദീകരിച്ചു.

( Picture Source : IPL )

” വിരാട് കോഹ്ലിയൊരു ഫ്രാഞ്ചൈസ് വിന്നറാണ്, അതുകൊണ്ട് തന്നെ അവനെ ടീം നിലനിർത്തും. രണ്ടാമതായി നിലനിർത്തേണ്ടത് ഗ്ലെൻ മാക്‌സ്‌വെല്ലിനെയാണ്. ഇവർക്കൊപ്പം പടിക്കൽ പോലെയൊരു താരത്തെയും. റൺസ് സ്കോർ ചെയ്യുന്നില്ലയെങ്കിൽ പിന്നെന്തിനാണ് ഡിവില്ലിയേഴ്സിനെ നിലനിർത്തുന്നത്. അവനാകട്ടെ ഇനി ചെറുപ്പമാകാനും പോകുന്നില്ല. ” ബ്രയാൻ ലാറ പറഞ്ഞു.

( Picture Source : IPL )

” വളരെ ദുഷ്കരമായ തീരുമാനങ്ങളാണ് ആർ സി ബി എടുക്കേണ്ടിവരിക. തീർച്ചയായും അവർ മാക്‌സ്‌വെല്ലിനെ നിലനിർത്തും. ആർ സി ബി പരിശീലകർ പറയുന്നത് വെച്ചുനോക്കിയാൽ അവർ പ്രതീക്ഷത് നൽകാൻ മാക്‌സ്‌വെല്ലിന് സാധിച്ചിട്ടുണ്ട്. ” ബ്രയാൻ ലാറ കൂട്ടിച്ചേർത്തു.

സീസണിൽ ആർ സി ബിയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത് ഗ്ലെൻ മാക്‌സ്‌വെല്ലാണ്, 15 മത്സരങ്ങളിൽ നിന്നും 42.75 ശരാശരിയിൽ 140 ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിൽ 513 റൺസ് മാക്‌സ്‌വെൽ നേടി. 14 മത്സരങ്ങളിൽ നിന്നും 411 റൺസ് നേടിയ ദേവ്ദത് പടിക്കലാണ് മാക്‌സ്‌വെല്ലിന് ശേഷം സീസണിൽ ആർ സി ബിയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത്. പതിവിൽ നിന്നും വ്യത്യസ്തമായി ഈ സീസണിൽ ഫോമിലെത്താൻ സാധിച്ചില്ല. യു എ ഇയിൽ പുനരാരംഭിച്ച രണ്ടാം പകുതിയിൽ 8 മത്സരങ്ങളിൽ നിന്നും 106 റൺസ് നേടാൻ മാത്രമേ ഡിവില്ലിയേഴ്സിന് സാധിച്ചുള്ളൂ.

( Picture Source : IPL )