ഗംഭീറിന്റെ കൊൽക്കത്തയ്ക്ക് ശേഷം ഏറ്റവും സുരക്ഷിതമായി തോന്നിയത് ഇവിടെയാണ്, റോബിൻ ഉത്തപ്പ

ഗൗതം ഗംഭീർ ക്യാപ്റ്റനായിരിക്കുമ്പോഴുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് താൻ ഏറ്റവും കൂടുതൽ സുരക്ഷിതമായി തോന്നിയത് ചെന്നൈ സൂപ്പർ കിങ്‌സിലാണെന്ന് ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. തകർപ്പൻ പ്രകടനമായിരുന്നു ഡൽഹി ക്യാപിറ്റൽസിനെതിരായ ഒന്നാം ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി റോബിൻ ഉത്തപ്പ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ഫിഫ്റ്റി നേടിയ റോബിൻ ഉത്തപ്പ ഗയ്ഗ്വാദിനൊപ്പം രണ്ടാം വിക്കറ്റിൽ 110 റൺസ് കൂട്ടിച്ചേർത്തിരുന്നു.

( Picture Source : IPL )

മത്സരത്തിൽ 44 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പെടെ 63 റൺസ് നേടിയാണ് റോബിൻ ഉത്തപ്പ പുറത്തായത്. ഋതുരാജ് ഗയ്ഗ്വാദ് 50 പന്തിൽ 70 റൺസ് നേടി പുറത്തായി. തുടർന്ന് അവസാന ഓവറുകളിൽ ധോണി തന്റെ മികവ് പുറത്തെടുത്തതോടെയാണ് നാല് വിക്കറ്റിന്റെ വിജയം നേടി ചെന്നൈ സൂപ്പർ കിങ്‌സ് ഫൈനലിൽ പ്രവേശിച്ചത്. ഐ പി എല്ലിലെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഒമ്പതാം ഫൈനലാണിത്.

( Picture Source : IPL )

” വിജയത്തിൽ പങ്കുവഹിക്കാൻ സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്നെന്റെ മകന്റെ ബർത്ത്ഡേയാണ് ഈ പ്രകടനം അവനുള്ളതാണ്. ബാറ്റിങിനിറങ്ങിയപ്പോൾ മികച്ച തുടക്കം ഞങ്ങൾക്ക് ആവശ്യമായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു. ”

” ചെന്നൈ സൂപ്പർ കിങ്‌സ് എല്ലായ്പ്പോഴും സുരക്ഷിതമായ ഫ്രാഞ്ചൈസികളിലൊന്നാണ്. ഈ ടീമിലെ എല്ലാവർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു. കൊൽക്കത്തയിൽ ഗൗതം ഗംഭീർ ക്യാപ്റ്റനായിരിക്കുന്ന സമയം ഞാൻ വളരെയധികം ആസ്വദിക്കുകയും അവിടെയെനിക്ക് സുരക്ഷിതത്വം അനുഭവപെടുകയും ചെയ്തിരുന്നു. അതിന് ശേഷം എനിക്ക് ഏറ്റവും കൂടുതൽ സുരക്ഷിതത്വം തോന്നിയത് ചെന്നൈ സൂപ്പർ കിങ്‌സിലാണ്. ഇനിയുള്ള മത്സരങ്ങൾ കൂടുതൽ രസകരവും ആവേശകരവുമാകും. ഞാൻ അതിനായി കാത്തിരിക്കുന്നു. ലോകത്തിലെ എല്ലാവരോടും ഒരു കാര്യം പറയാൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നു, നമുക്ക് ദയയുള്ളവരാകാം ലോകത്തിന് അതാവശ്യമാണ്. ” റോബിൻ ഉത്തപ്പ പറഞ്ഞു.

( Picture Source : IPL )

കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയായിരുന്നു റോബിൻ ഉത്തപ്പ കളിച്ചത്. തുടർന്ന് താരലേലത്തിന് ശേഷം രാജസ്ഥാൻ റോയൽസ് റോബിൻ ഉത്തപ്പയെ ചെന്നൈ സൂപ്പർ കിങ്സിന് ട്രേഡ് ചെയ്യുകയായിരുന്നു.

( Picture Source : IPL )