Skip to content

റബാഡയ്ക്കെതിരെ ഒരു ബൗണ്ടറി പോലും ഇതുവരെ ധോണി നേടിയിട്ടില്ല, റിഷഭ് പന്തിന്റെ തീരുമാനത്തെ വിമർശിച്ച് ആകാശ് ചോപ്ര

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ ആദ്യ ക്വാളിഫയറിലെ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്തിന്റെ തീരുമാനങ്ങളെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ലോകോത്തര ബൗളറായ കഗിസോ റബാഡയ്ക്ക് അവസാന ഓവറുകൾ നൽകാതിരുന്ന പന്തിന്റെ തീരുമാനമാണ് ആകാശ് ചോപ്രയെ ചൊടിപ്പിച്ചത്. ആരും പ്രതീക്ഷിക്കാത്ത തീരുമാനമാണ് പന്തിൽ നിന്നുണ്ടായതെന്നും തന്ത്രപരമായി ഒരുപാട് പിഴവുകൾ ഡൽഹി ക്യാപിറ്റൽസിൽ നിന്നുണ്ടായെന്നും ഫൈനലിൽ ഇടംപിടിക്കാൻ സാധിക്കാത്തതിന് കാരണം അവർ തന്നെയാണെന്നും ആകാശ് ചോപ്ര പറഞ്ഞു.

( Picture Source : IPL )

റബാഡയ്ക്ക് ഓവർ നൽകാതിരുന്ന റിഷഭ് പന്തിന്റെ തീരുമാനത്തെ ആരാധകരും മുൻ താരങ്ങളും വിമർശിച്ചിരുന്നു. മൂന്നോവറിൽ 16 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയിരുന്നു ടോം കറണെയാണ് അവസാന ഓവർ എറിയാൻ പന്ത്‌ ഏൽപ്പിച്ചത്. ആദ്യ പന്തിൽ വിക്കറ്റ് നേടിയിരുന്നുവെങ്കിലും പിന്നീടുള്ള തുടർച്ചയായ എം എസ് ധോണിയ്ക്കെതിരെ പന്തെറിഞ്ഞ ടോം കറൺ മൂന്ന് പന്തുകളിൽ ഒരു വൈഡ് അടക്കം മൂന്ന് ഫോർ വഴങ്ങുകയും മത്സരത്തിൽ ഡൽഹി പരാജയപെടുകയും ചെയ്യുകയായിരുന്നു.

( Picture Source : IPL )

” ഋതുരാജ് ഗയ്ഗ്വാദിനെതിരെയും റോബിൻ ഉത്തപ്പയ്ക്കെതിരെയും അവർ ബൗൺസറുകൾ എറിയുന്നത് കാണാൻ ഞാൻ കാത്തിരിക്കുകയായിരുന്നു, കാരണം അതിനുമുൻപ് അവർ ബൗൺസറിൽ പുറത്തായിട്ടുണ്ടായിരുന്നു. റബാഡയ്ക്കും നോർക്കിയക്കും ആവേശ് ഖാനും പേസ് ഉണ്ടായിരുന്നു, എന്നാൽ ആരും തന്നെ ഒരു ബൗൺസർ പോലും എറിഞ്ഞില്ല, എന്തുകൊണ്ടാണിത്, എനിക്കൊരു പിടിയുമില്ല. ”

( Picture Source : IPL )

” അവസാന രണ്ടോവറിൽ പന്തിന് ഓപ്ഷൻസ് ഉണ്ടായിരുന്നു, റബാഡയ്ക്കും ടോം കറണും, ആവേശ് ഖാനും ഓരോ ഓവർ വീതം ബാക്കിയുണ്ടായിരുന്നു, റബാഡയ്ക്കെതിരെ ഒരു ബൗണ്ടറി പോലും നേടാൻ ധോണിയ്ക്ക് സാധിച്ചിട്ടില്ല, ആവേശ് ഖാനാകട്ടെ കഴിഞ്ഞ മത്സരത്തിൽ മോശം പ്രകടനമാണ് പുറത്തെടുത്തത്. അതിനൊപ്പം തന്നെ ഈ മത്സരത്തിലും നന്നായി പന്തെറിയാൻ ആവേശ് ഖാന് സാധിച്ചിരുന്നില്ല. എന്നാൽ അതൊന്നും കണക്കിലെടുക്കാതെ അവൻ പത്തൊമ്പതാം ഓവർ ആവേശ് ഖാന് നൽകി. അവനെതിരെ അവർ റൺസ് നേടി, അതിൽ അത്ഭുതപെടാനില്ല. ” ആകാശ് ചോപ്ര പറഞ്ഞു.

” അവസാന ഓവർ റബാഡയ്ക്ക് നൽകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ എപ്പോഴും അവൻ റബാഡയ്ക്ക് ഓവർ നൽകിയില്ല. അവൻ ടോം കറണ് ഓവർ നൽകി. അവൻ ആദ്യ പന്തിൽ വിക്കറ്റ് നേടിയത് ശരിതന്നെ, എന്നാൽ മറ്റൊരു കാര്യം ഓർത്തുനോക്കൂ, കഴിഞ്ഞ സീസണിൽ ചെന്നൈയുടെ ഏറ്റവും മോശം സമയത്തും ടോം കറണെതിരെ അവർ തുടർച്ചയായി മൂന്ന് സിക്സ് നേടിയിരുന്നു, ഇക്കുറിയാകട്ടെ തുടർച്ചയായി മൂന്ന് ഫോറും. ” ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

( Picture Source : IPL )