Skip to content

കിങ്‌സ് ഈസ് ബാക്ക്, എക്കാലത്തെയും മികച്ച ഫിനിഷർ, ധോണിയെ പ്രശംസിച്ച് വിരാട് കോഹ്ലി

ഡൽഹി ക്യാപിറ്റൽസിനെതിരായ ക്വാളിറ്റിഫയർ പോരാട്ടത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ടീമിനെ ഫൈനലിലെത്തിച്ച എം എസ് ധോണിയെ പ്രശംസിച്ച് ആർ സി ബി നായകൻ വിരാട് കോഹ്ലി. തന്റെ ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിലൂടെയാണ് ധോണിയുടെ തകർപ്പൻ തിരിച്ചുവരവിൽ കോഹ്ലി തന്റെ സന്തോഷമറിയിച്ചത്. സീസണിൽ മോശം ഫോമിലായിരുന്ന ധോണിയ്ക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. 2011 ലോകകപ്പ് ഫൈനലിൽ യുവരാജ് സിങിന് മുൻപ് ബാറ്റിങിനിറങ്ങിയ ധോണി ഇന്നിതാ 10 വർഷങ്ങൾക്ക് ശേഷം മറ്റൊരു ഇടംകയ്യൻ ബാറ്റ്‌സ്മാനായ ജഡേജയ്ക്ക് മുൻപ് ബാറ്റിങിനിറങ്ങി ടീമിനെ വിജയത്തിലേക്ക് നയിച്ചിരിക്കുകയാണ്.

( Picture Source : IPL )

മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 173 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ മറികടന്നാണ് ചെന്നൈ സൂപ്പർ കിങ്‌സ് ഫൈനലിൽ പ്രവേശിച്ചത്. ചെന്നൈയ്ക്ക് വേണ്ടി ഋതുരാജ് ഗയ്ഗ്വാദ് 50 പന്തിൽ 70 റൺസും റോബിൻ ഉത്തപ്പ 44 പന്തിൽ 63 റൺസും നേടി മികച്ച പ്രകടനം പുറത്തെടുത്തു. അവസാന രണ്ടോവറിൽ 24 റൺസ് വേണമെന്നിരിക്കെ 19 ആം ഓവറിലെ ആദ്യ പന്തിൽ ഋതുരാജ് ഗയ്ഗ്വാദ് പുറത്തായ ശേഷമാണ് ധോണി ക്രീസിലെത്തിയത്.

( Picture Source : IPL )

തുടർന്ന് ഓവറിലെ നാലാം പന്തിൽ സ്‌ട്രൈക്ക് ലഭിച്ച ധോണി ആദ്യ പന്ത്‌ മിസ്സ് ചെയ്തുവെങ്കിലും അടുത്ത പന്തിൽ സിക്സ് പറത്തി തന്റെ തിരിച്ചുവരവ് അറിയിക്കുകയായിരുന്നു. അവസാന ഓവറിൽ 13 റൺസ് വേണമെന്നിരിക്കെ ആദ്യ പന്തിൽ മൊയിൻ അലിയെ നഷ്ടപ്പെട്ട ശേഷം സ്‌ട്രൈക്ക് ലഭിച്ച ധോണി തുടർച്ചയായ മൂന്ന് ഫോർ നേടി ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.

( Picture Source : IPL )

” കിങ്‌ ഈസ് ബാക്ക്, ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷർ, ഒരിക്കൽ കൂടെ ഈ രാത്രി അദ്ദേഹമെന്നെ സീറ്റിൽ നിന്നും ചാടിയെണീപ്പിച്ചു. ” ട്വിറ്ററിൽ പങ്കുവെച്ച ട്വീറ്റിൽ കോഹ്ലി കുറിച്ചു.

ഐ പി എല്ലിന് ശേഷം നടക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ മെന്റർ കൂടിയാണ് എം എസ് ധോണി. ഇന്ത്യൻ ടി20 ക്യാപ്റ്റനായുള്ള വിരാട് കോഹ്ലിയുടെ അവസാന ടൂർണമെന്റ് കൂടിയാണ് ഈ ടി20 ലോകകപ്പ്. ഒക്ടോബർ 24 ന് പാകിസ്ഥാനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.

( Picture Source : IPL )

ഐ പി എല്ലിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ഒമ്പതാം ഫൈനലാണിത്. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ചെന്നൈ ഈ സീസണിൽ പ്ലേയോഫ് യോഗ്യത നേടുന്ന ആദ്യ ടീമും ഇപ്പോഴിതാ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ്.

( Picture Source : IPL )