യുവതാരത്തിന്റെ ഗൂഗ്ലിക്ക് മുന്നിൽ പകച്ച് ധോണി ; ധോണിയെ പുറത്താക്കിയ ബിഷ്നോയിയുടെ തകർപ്പൻ ബൗളിങ്  കാണാം

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ മുന്നിൽ നിന്ന് നയിച്ച് പഞ്ചാബ് കിങ്സിന് ഉജ്ജ്വല ജയം സമ്മാനിച്ച് കെഎൽ രാഹുൽ.  ദുബായ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ 42 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും എട്ടു സിക്‌സറുകളും സഹിതം 98 റണ്‍സ് നേടി പുറത്താകാതെ നിന്ന രാഹുലിന്റെ മികവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറു വിക്കറ്റിനാണ് പഞ്ചാബ് തകര്‍ത്തത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് നേടിയത്. താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിനു വേണ്ടി രാഹുല്‍ മുന്നില്‍ നിന്നു പടനയിക്കുകയായിരുന്നു.

നായകനു പുറമേ 12 പന്തുകളില്‍ നിന്ന് 12 റണ്‍സ് നേടിയ ഓപ്പണര്‍ മായങ്ക് അഗര്‍വാളും എട്ടു പന്തുകളില്‍ നിന്ന് 13 റണ്‍സ് നേടിയ എയ്ഡന്‍ മര്‍ക്രമും മാത്രമാണ് പഞ്ചാബ് നിരയില്‍ രണ്ടക്കം കടന്നത്. സര്‍ഫ്രാസ് ഖാന്‍(0), ഷാരൂഖ് ഖാന്‍(8), എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ മൂന്നു പന്തുകളില്‍ നിന്ന് മൂന്നു റണ്‍സുമായി മോയിസസ് ഹെന്റ്‌റിക്വസ് രാഹുലിനൊപ്പം പുറത്താകാതെ നിന്നു.

അതേസമയം ബാറ്റിങ്ങിൽ മോശം ഫോം തുടരുകയാണ് സിഎസ്കെ ക്യാപ്റ്റൻ ധോണി. ഇന്നത്തെ മത്സരത്തിൽ 15 പന്തിൽ നിന്ന് 12 റൺസ് നേടി മടങ്ങി. രവി ബിഷ്നോയിയുടെ ഗൂഗ്ലിയിൽ ദയനീയമായാണ് ബൗൾഡിലൂടെ പുറത്തായത്. ഇതുവരെ 14 ഇന്നിങ്സിൽ നിന്നായി വെറും 96 റൺസാണ് ധോണിയുടെ സമ്പാദ്യം. ഒപ്പം 100 സ്‌ട്രൈക് റേറ്റിന് മുകളിൽ ബാറ്റ് ചെയ്യാനും ധോണി നന്നായി കഷ്ട്ടപ്പെടുന്നുണ്ട്.

എന്നാൽ മോശം ഫോമിലൂടെ കടന്നു പോകുന്ന ധോണി അടുത്ത സീസണിലും ചെന്നൈയ്ക്കായി ജേഴ്സി അണിയുമെന്ന് നേരെത്തെ വ്യക്തമാക്കിയിട്ടുണ്ട്. ‘ഞാൻ ഇനിയും ചെന്നൈയ് സൂപ്പർ കിങ്സിനായി കളിക്കുന്നത് നിങ്ങൾക്ക് കാണാം. എന്റെ വിടവാങ്ങൽ മത്സരവും അവിടെയായിരിക്കും. അതുകൊണ്ട് എനിക്ക് യാത്രയയപ്പ് നൽകാനുള്ള അവസരം നിങ്ങൾക്കു ലഭിക്കും. ചെന്നൈയിൽ തിരിച്ചെത്തി അവിടെവച്ച് അവസാന മത്സരം കളിക്കാൻ എനിക്കാകുമെന്നാണ് കരുതുന്നത്. അവിടെ എല്ലാ ആരാധകരെയും കണ്ടുമുട്ടാനും കഴിയും’ – ധോണി പറഞ്ഞു.