Skip to content

തകർത്താടി കെ എൽ രാഹുൽ, ചെന്നൈയ്ക്കെതിരെ പഞ്ചാബ് കിങ്‌സിന് തകർപ്പൻ വിജയം

ചെന്നൈ സൂപ്പർ കിങ്‌സിനെ 6 വിക്കറ്റിന് പരാജയപെടുത്തി കണക്കുകളിൽ പ്ലേയോഫ് പ്രതീക്ഷ നിലനിർത്തി പഞ്ചാബ് കിങ്‌സ്. ക്യാപ്റ്റൻ കെ എൽ രാഹുലിന്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് പഞ്ചാബ് കിങ്‌സ് വിജയം നേടിയത്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 135 റൺസിന്റെ വിജയലക്ഷ്യം 13 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് കിങ്‌സ് മറികടന്നു.

( Picture Source : IPL )

42 പന്തിൽ 7 ഫോറും 8 സിക്സുമടക്കം 98 റൺസ് നേടി പുറത്താകാതെ നിന്ന കെ എൽ രാഹുലാണ് പഞ്ചാബിന് അനായാസ വിജയം സമ്മാനിച്ചത്. മത്സരത്തിലെ പ്രകടനത്തോടെ ഓറഞ്ച് ക്യാപ്പും കെ എൽ രാഹുൽ സ്വന്തമാക്കി. മൂന്നോവറിൽ 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷാർദുൽ താക്കൂർ മാത്രമാണ് ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി തിളങ്ങിയത്.

( Picture Source : IPL )

സീസണിലെ ചെന്നൈയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. പ്ലേയോഫ്‌ യോഗ്യത നേടിയതിന് ശേഷം കളിച്ച മൂന്ന് മത്സരങ്ങളിലും വിജയം നേടാൻ ചെന്നൈയ്ക്ക് സാധിച്ചില്ല.

( Picture Source : IPL )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്‌സിനെ 55 പന്തിൽ 8 ഫോറും 2 സിക്സുമടക്കം 76 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസാണ് അല്പമെങ്കിലും പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. പഞ്ചാബിന് വേണ്ടി അർഷ്ദീപ് സിങ്, ക്രിസ് ജോർദാൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും രവി ബിഷ്നോയ്‌, മൊഹമ്മദ് ഷാമി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : IPL )

തകർപ്പൻ വിജയത്തോടെ പോയിന്റ് ടേബിളിൽ പഞ്ചാബ് കിങ്‌സ് അഞ്ചാം സ്ഥാനത്തെത്തി. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ കൊൽക്കത്ത വലിയ മാർജിനിൽ പരാജയപെടുകയും സൺറൈസേഴ്‌സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പരാജയപെടുകയും രാജസ്ഥാൻ റോയൽസിന്റെ നെറ്റ് റൺ റേറ്റ് പഞ്ചാബിനേക്കാൾ താഴെയാവുകയും ചെയ്താൽ കെ എൽ രാഹുലിനും കൂട്ടർക്കും പ്ലേയോഫിൽ പ്രവേശിക്കാം.

( Picture Source : IPL )