Skip to content

ജേഴ്സിയിൽ ഇന്ത്യയ്ക്ക് പകരം യു എ ഇ, ലോകകപ്പിന് മുൻപേ ഇന്ത്യയെ പ്രകോപിപ്പിച്ച് പാകിസ്ഥാൻ

ഐസിസി ടി20 ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയ്ക്ക് പ്രകോപനവുമായി പാകിസ്ഥാൻ. ലോകകപ്പിനുള്ള പാകിസ്ഥാന്റെ ജേഴ്സിയാണ് ഇപ്പോൾ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യയിൽ നടക്കാനിരുന്ന ലോകകപ്പ് കോവിഡ് പ്രതിസന്ധികളെ തുടർന്നാണ് യു എ ഇയിലേക്ക് മാറ്റിയത്. ലോകകപ്പ് ഇന്ത്യയിലല്ല നടക്കുന്നതെങ്കിലും ടൂർണമെന്റിന്റെ ഔദ്യോഗിക ആതിഥേയത്വം ഇന്ത്യയ്ക്കാണ്. ഐസിസി നിയമപ്രകാരം ടൂർണമെന്റിലുള്ള ജേഴ്സിയുടെ വലതുഭാഗത്തിനു മുകളിൽ ഐസിസി ലോഗോയും ഒപ്പം ആതിഥേയത്വം വഹിക്കുന്ന ടീമിന്റെ പേരും ഉണ്ടാകേണ്ടതുണ്ട്.

( Picture Source : Twitter )

എന്നാൽ ലോകകപ്പിനുള്ള പാകിസ്ഥാന്റെ ജേഴ്സിയിൽ പതിപ്പിച്ചിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് ലോഗോയുടെ കീഴിൽ യു എ ഇ 2021 എന്നാണ് എഴുതിയിരിക്കുന്നത്.

ടൂർണമെന്റിൽ ക്വാളിഫയർ കളിക്കുന്ന ടീമുകൾ ഇതിനോടകം തങ്ങളുടെ ജേഴ്സി ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. സ്കോട്ലൻഡ്‌ അടക്കമുള്ള ടീമുകൾ ജേഴ്സിയിൽ ഇന്ത്യ 2021 എന്ന് പതിപ്പിച്ചിട്ടുണ്ട്. ലോകകപ്പ് പ്രൊമോയിൽ സംസാരിക്കുന്നതിനിടെ ഓസ്‌ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെൽ ധരിച്ച ജേഴ്സിയിലും ഇന്ത്യ 2021 എന്ന് എഴുതിയിട്ടുണ്ട്. പാകിസ്ഥാൻ ഔദ്യോഗികമായി ജേഴ്സി പ്രകാശനം ചെയ്തിട്ടില്ലയെങ്കിലും ക്യാപ്റ്റൻ ബാബർ അസം പുതിയ ജേഴ്സി ധരിച്ചുനിൽക്കുന്ന ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

( Picture Source : Twitter )

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഈ ഇപ്പോൾ ഇരു ക്രിക്കറ്റ് ബോർഡുകൾ തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ വഷളാക്കും. ഒക്ടോബർ 24 നാണ് ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഇരുടീമുകളും തമ്മിലുള്ള പോരാട്ടം നടക്കുന്നത്. ഐസിസി ടി20 റാങ്കിങിൽ ഇന്ത്യ രണ്ടാം സ്ഥാനത്തും പാകിസ്ഥാൻ മൂന്നാം സ്ഥാനത്തുമാണ്. ലോകകപ്പിൽ ഇതുവരെയും ഇന്ത്യയോട് ജയിക്കാൻ സാധിച്ചിട്ടില്ലയെന്ന് നാണക്കേട് അവസാനിപ്പിക്കാൻ പാകിസ്ഥാൻ ശ്രമിക്കുമ്പോൾ വിജയതുടർച്ച ലക്ഷ്യമിടുന്ന കോഹ്ലിപ്പടയെ തളയ്ക്കുകയെന്നത് പാകിസ്ഥാനെ സംബന്ധിച്ച് എളുപ്പമാവില്ല.