Skip to content

മുംബൈ ഇന്ത്യൻസിനുള്ള മുന്നറിയിപ്പ്, ആർ സി ബിയെ നാല് റൺസിന് പരാജയപെടുത്തി സൺറൈസേഴ്‌സ്

ഐ പി എൽ 2021 പോയിന്റ് ടേബിളിൽ ആദ്യ രണ്ടിലെത്താനുള്ള ആർ സി ബി മോഹങ്ങൾക്ക് തിരിച്ചടിയേകി സൺറൈസേഴ്‌സ് ഹൈദരാബാദ്. അബുദാബിയിൽ നടന്ന മത്സരത്തിൽ നാല് റൺസിനാണ് ആർ സി ബിയെ സൺറൈസേഴ്‌സ് പരാജയപെടുത്തിയത്. മത്സരത്തിൽ സൺറൈസേഴ്‌സ് ഉയർത്തിയ 142 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ആർ സി ബിയ്ക്ക് നിശ്ചിത 20 ഓവറിൽ 137 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ.

( Picture Source : IPL )

25 പന്തിൽ 41 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെൽ മാത്രമാണ് ആർ സി ബിയ്ക്ക് വേണ്ടി തിളങ്ങിയത്. 52 പന്തിൽ 41 റൺസ് മാത്രം നേടി പുറത്തായ ദേവ്ദത് പടിക്കലിന്റെ പ്രകടനം ടീമിന് തിരിച്ചടിയായി. അവസാന ഓവറിൽ 13 റൺസ് വേണമെന്നിരിക്കെ പന്തെറിയാനെത്തിയ ഭുവനേശ്വർ കുമാർ 8 റൺസ് മാത്രമാണ് ഓവറിൽ വഴങ്ങിയത്.

( Picture Source : IPL )

പരാജയത്തോടെ പോയിന്റ് ടേബിളിൽ ടോപ്പ് ടൂവിലെത്താനുള്ള ആർ സി ബിയുടെ പ്രതീക്ഷകൾ അവസാനിച്ചു. സൺറൈസേഴ്‌സ് ഫോമിലെത്തിയത് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും തിരിച്ചടിയായേക്കും. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ കൊൽക്കത്ത വിജയിച്ചാൽ പ്ലേയോഫ് യോഗ്യത നേടണമെങ്കിൽ സൺറൈസേഴ്‌സിനെ വലിയ മാർജിനിൽ മുംബൈയ്ക്ക് തോൽപ്പിക്കേണ്ടിവരും.

( Picture Source : IPL )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് ഹൈദരാബാദ് 38 പന്തിൽ 44 റൺസ് നേടിയ ഓപ്പണർ ജേസൺ റോയുടെയും 29 പന്തിൽ 31 റൺസ് നേടിയ ക്യാപ്റ്റൻ വില്യംസന്റെയും മികവിലാണ് പൊരുതാവുന്ന സ്കോറിലെത്തിയത്. ആർ സി ബിയ്ക്ക് വേണ്ടി ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റും ഡാനിയേൽ ക്രിസ്റ്റ്യൻ 2 വിക്കറ്റും ജോർജ്‌ ഗാർടൻ, യുസ്വേന്ദ്ര ചഹാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : IPL )