Skip to content

ജമ്മുകശ്മീർ എക്സ്പ്രസ്, ഐ പി എൽ 2021 ലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് ഉമ്രാൻ മാലിക്ക്

ഐ പി എൽ 2021 സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യൻ യുവതാരം ഉമ്രാൻ മാലിക്ക്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലായിരുന്നു ഈ സീസണിലെ ഏറ്റവും വേഗമേറിയ ഡെലിവറി ഉമ്രാൻ മാലിക് എറിഞ്ഞത്.

( Picture Source : IPL )

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തന്റെ ഐ പി എൽ അരങ്ങേറ്റം കുറിച്ച ഉമ്രാൻ മാലിക്ക് തന്റെ ആദ്യ മത്സരത്തിൽ തന്നെ വേഗതകൊണ്ട് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ആർ സി ബിയ്ക്കെതിരായ മത്സരത്തിൽ എട്ടാം ഓവറിൽ 153 kmph വേഗതയിൽ പന്തെറിഞ്ഞതോടെയാണ് ഈ സീസണിൽ ഏറ്റവും വേഗതയേറിയ ഡെലിവറി ഈ 21 ക്കാരൻ സ്വന്തം പേരിലാക്കിയത്. നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ന്യൂസിലാൻഡ് ലോക്കി ഫെർഗുസന്റെ പേരിലായിരുന്നു ഈ നേട്ടം. 152.75 kph വേഗതയിലായിരുന്നു ലോക്കി ഫെർഗുസന്റെ ഡെലിവറി.

( Picture Source : IPL )

എട്ടാം ഓവറിലെ ആദ്യ പന്ത്‌ 147 kmph വേഗതയിൽ ആയിരുന്നെങ്കിൽ അടുത്ത മൂന്ന് പന്തും 150 ന് മുകളിൽ വേഗതയിലാണ് ഉമ്രാൻ മാലിക്ക് എറിഞ്ഞത്. മത്സരത്തിൽ ആർ സി ബി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ശ്രീകാർ ഭരതിനെ വീഴ്ത്തി ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്റെ ആദ്യ വിക്കറ്റും ഉമ്രാൻ മാലിക്ക് നേടിയിരുന്നു. നാലോവറിൽ 21 റൺസ് മാത്രമാണ് യുവതാരം വഴങ്ങിയത്.

( Picture Source : IPL )

മത്സരത്തിൽ നാല് റൺസിനായിരുന്നു സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ വിജയം. സൺറൈസേഴ്‌സ് ഹൈദരാബാദ് ഉയർത്തിയ 141 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ആർ സി ബിയ്ക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. 25 പന്തിൽ 40 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെൽ മാത്രമാണ് ആർ സി ബിയ്ക്ക് വേണ്ടി തിളങ്ങിയുള്ളൂ.

( Picture Source : IPL )