Skip to content

പ്രതീക്ഷകൾ കൈവിടേണ്ട, മുംബൈ ഇന്ത്യൻസിന്റെ തകർപ്പൻ തിരിച്ചുവരവ്, പഞ്ചാബിനെ തകർത്തത് 6 വിക്കറ്റിന്

പഞ്ചാബ് കിങ്‌സിനെതിരായ നിർണായക മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ 136 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ മുംബൈ ഇന്ത്യൻസ് മറികടന്നു. വിജയത്തോടെ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്തുനിന്നും അഞ്ചാം സ്ഥാനത്തെത്തിയ മുംബൈ പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്തി.

( Picture Source : Twitter / IPL )

37 പന്തിൽ 3 ഫോറും രണ്ട് സിക്സുമടക്കം 45 റൺസ് നേടിയ സൗരബ്‌ തിവാരിയും 30 പന്തിൽ പുറത്താകാതെ 40 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയുമാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. പൊള്ളാർഡ് 7 പന്തിൽ 15 റൺസ് നേടി പുറത്താകാതെ നിന്നു. പഞ്ചാബിന് വേണ്ടി രവി ബിഷ്ണോയ് നാലോവറിൽ 25 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സിനെ 2 വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറയും കീറോൺ പൊള്ളാർഡുമാണ് കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. 29 പന്തിൽ 42 റൺസ് നേടിയ ഐയ്‌ഡൻ മാർക്രം മാത്രവും 28 റൺസ് നേടിയ ദീപക്‌ ഹൂഡയും മാത്രമാണ് പഞ്ചാബിന് വേണ്ടി തിളങ്ങിയത്.

( Picture Source : Twitter / IPL )

സീസൺ പുനരാരംഭിച്ച ശേഷം മുംബൈ ഇന്ത്യൻസ് നേടുന്ന ആദ്യ വിജയം കൂടിയാണിത്. നേരത്തെ ഈ മത്സരത്തിന് മുൻപ് ചെന്നൈയ്ക്കെതിരെയും കൊൽക്കത്തയ്ക്കെതിരെയും ആർ സി ബിയ്ക്കെതിരെയും മുംബൈ ഇന്ത്യൻസ് പരാജയപെട്ടിരുന്നു.

പരാജയത്തോടെ പഞ്ചാബിന്റെ പ്ലേയോഫ് പ്രതീക്ഷകൾ മങ്ങി. ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ വിജയിക്കുകയും മറ്റു മത്സരഫലങ്ങൾ അനുകൂലവുകയും ചെയ്താൽ മാത്രമേ പ്ലേയോഫിൽ പ്രവേശിക്കാൻ പഞ്ചാബിന് സാധിക്കൂ. ഒക്ടോബർ ഒന്നിന് ഡൽഹിയെ തകർത്ത് തകർപ്പൻ ഫോമിലുള്ള കൊൽക്കത്തയുമാണ് പഞ്ചാബിന്റെ അടുത്ത മത്സരം. ശക്തരായ ഡൽഹി ക്യാപിറ്റൽസുമായാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരം. ഒക്ടോബർ രണ്ടിന് ഷാർജയിലാണ് മത്സരം നടക്കുന്നത്.

( Picture Source : Twitter / IPL )