Skip to content

എന്റെ ബൗളിങിന് വേഗതയും സ്വിങും ഇല്ലായിരിക്കാം എന്നാൽ എനിക്ക് തലച്ചോറുണ്ട്, കീറോൺ പൊള്ളാർഡ്

തകർപ്പൻ പ്രകടനമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ വെസ്റ്റിൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡ്. മത്സരത്തിൽ ഓരോവർ മാത്രം എറിഞ്ഞ പൊള്ളാർഡ് രണ്ട് വിക്കറ്റ് നേടുകയും ബാറ്റിങിനിറങ്ങി 7 പന്തിൽ പുറത്താകാതെ 15 റൺസ് നേടുകയും ചെയ്തിരുന്നു. തന്റെ ബൗളിങിൽ പോരായ്മകൾ ഉണ്ടെങ്കിലും തനിക്കൊരു തലച്ചോറുണ്ടെന്നും അതുപയോഗിച്ച് ജോലി നിർവഹിക്കുമെന്നും മത്സരശേഷം പൊള്ളാർഡ് പ്രതികരിച്ചു.

( Picture Source : Twitter / IPL )

ഒരു റൺ മാത്രം നേടിയ ക്രിസ് ഗെയ്ലിനെയും 21 റൺസ് നേടിയ കെ എൽ രാഹുലിനെയുമാണ് ഏഴാം ഓവറിൽ പൊള്ളാർഡ് പുറത്താക്കിയത്. ഈ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ 300 വിക്കറ്റും പൊള്ളാർഡ് പൂർത്തിയാക്കിയിരുന്നു. ടി20 ക്രിക്കറ്റിൽ 300 വിക്കറ്റ് നേടുന്ന പതിനൊന്നാമത്തെ ബൗളറാണ് പൊള്ളാർഡ്. കൂടാതെ ടി20 ക്രിക്കറ്റിൽ 10000 ത്തിലധികം റൺസും 300 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന നേട്ടവും പൊള്ളാർഡ് സ്വന്തമാക്കി. ടി20 ക്രിക്കറ്റിൽ 500 ഇന്നിങ്സിൽ നിന്നും 11202 റൺസ് പൊള്ളാർഡ് നേടിയിട്ടുണ്ട്‌.

( Picture Source : Twitter / IPL )

” 300 വിക്കറ്റ് പൂർത്തിയാക്കാൻ സാധിച്ചത് പ്രധാനപ്പെട്ട നേട്ടമാണ്. കാരണം എന്റെ ബൗളിങ് അൽപ്പം അണ്ടർറേറ്റഡാണ്. എപ്പോഴെല്ലാം അവസരം ലഭിക്കുന്നുവോ അപ്പോഴൊക്കെ ടീമിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഞാൻ ശ്രമിക്കും. ആവശ്യമായിരുന്നെങ്കിൽ രോഹിത് ശർമ്മ എനിക്ക് ഓരോവർ കൂടെ തരുമായിരുന്നു. എന്റെ ബൗളിങിന് വേഗതയോ സ്‌പിന്നോ സ്വിങോയില്ല. എന്നാൽ എനിക്കൊരു തലച്ചോറുണ്ട്. അതുപയോഗിച്ച് ഞാനെന്റെ ജോലി പൂർത്തിയാക്കും. ”

( Picture Source : Twitter / IPL )

” ടീമിന് ലഭിച്ചത് നിർണായകമായ രണ്ട് പോയിന്റാണ്. മത്സരം വിജയിക്കാൻ ഞങ്ങൾക്ക് 19 ഓവർ വേണ്ടിവന്നു. എന്നാൽ ഈ 2 പോയിന്റ് വളരെ പ്രധാനപ്പെട്ടതാണ്. ഡ്രെസ്സിങ് റൂമിൽ ഒരു സ്പാർക്കുണ്ടാക്കാൻ അതിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ” പൊള്ളാർഡ് പറഞ്ഞു.

സീസണിലെ അഞ്ചാം വിജയമാണ് മുംബൈ ഇന്ത്യൻസ് മത്സരത്തിൽ നേടിയത്. വിജയത്തോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തെത്തിയ രോഹിത് ശർമ്മയും സംഘവും പ്ലേയോഫ് പ്രതീക്ഷകളും നിലനിർത്തി.

( Picture Source : Twitter / IPL )