Skip to content

ഞാനായിരുന്നുവെങ്കിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമായിരുന്നു, കോഡുകൾ ഉപയോഗിച്ചുള്ള കൊൽക്കത്തയുടെ തന്ത്രത്തെ വിമർശിച്ച് ഗംഭീർ

തന്റെ മുൻ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വിമർശിച്ച് മുൻ ക്യാപ്റ്റൻ ഗൗതം ഗംഭീർ. മത്സരത്തിനിടെ രഹസ്യ കോഡുകളിലൂടെ ക്യാപ്റ്റന് നിർദ്ദേശങ്ങൾ കൈമാറുന്ന കൊൽക്കത്തയുടെ തന്ത്രമാണ് ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയായ ഗൗതം ഗംഭീറിനെ ചൊടിപ്പിച്ചത്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലും ഒപ്പം ചെന്നൈയ്ക്കെതിരായ മത്സരത്തിനിടയിലും രഹസ്യ കോഡുകളിലൂടെ ടീം അനലിസ്റ്റ് നേഥൻ ലീമൺ ക്യാപ്റ്റൻ ഓയിൻ മോർഗന് നിർദേശങ്ങൾ കൈമാറുന്നത് ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു.

( Picture Source : Twitter / IPL )

ഈ ഐ പി എൽ സീസണിന് മുൻപായാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ അനലിസ്റ്റ് കൂടിയായ നേഥൻ ലീമണെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെത്തിച്ചത്. ഇതിനുമുൻപ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ചില മത്സരങ്ങളിൽ രഹസ്യകോഡിലൂടെയുള്ള ഈ ആശയവിനിമയം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

( Picture Source : Twitter / IPL )

മത്സരത്തിനിടയിൽ ഇത്തരത്തിലൊരു അനലിസ്റ്റിനെ ടീമിൽ നിയമിച്ചാൽ എന്തായിരിക്കും പ്രതികരണമെന്ന മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ ചോദ്യത്തിന് മറുപടിയായാണ് താൻ ക്യാപ്റ്റനായിരിക്കെയാണ് ഇത്തരത്തിൽ കോഡുകൾ കൈമാറുന്ന അനലിസ്റ്റിനെ ടീം നിയമിക്കുന്നതെങ്കിൽ താൻ ക്യാപ്റ്റൻ സ്ഥാനമൊഴിയുമെന്ന് ഗംഭീർ തുറന്നടിച്ചത്.

( Picture Source : Twitter / IPL )

ഗൗതം ഗംഭീറിന്റെ ക്യാപ്റ്റൻസിയിലാണ് 2012 ലും 2014 ലും കൊൽക്കത്ത ചാമ്പ്യന്മാരായത്. 2017 ൽ ഗംഭീർ ഫ്രാഞ്ചൈസി വിട്ട ശേഷം ഒരു സീസണിൽ മാത്രമാണ് കൊൽക്കത്തയ്ക്ക് പ്ലേയോഫിൽ പ്രവേശിക്കാൻ സാധിച്ചത്.

ഈ സീസണിൽ ഇന്ത്യയിൽ വെച്ചുനടന്ന ആദ്യ പകുതിയിൽ 7 മത്സരങ്ങളിൽ നിന്നും രണ്ട് വിജയം മാത്രമായിരുന്നു കൊൽക്കത്ത നേടിയത്. എന്നാൽ യു എ ഇയിൽ വെച്ച് പുനരാരംഭിച്ച സീസണിലെ രണ്ടാം പകുതിയിൽ തകർപ്പൻ തിരിച്ചുവരവാണ് കൊൽക്കത്ത നടത്തിയിരിക്കുന്നത്. റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ ഒമ്പത് വിക്കറ്റിന് വിജയിച്ച കെ കെ ആർ തൊട്ടടുത്ത മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ 7 വിക്കറ്റിന് പരാജയപെടുത്തിയിരുന്നു.

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ അവസാന പന്ത്‌ വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് കൊൽക്കത്ത പരാജയപെട്ടത്. നിലവിൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് മോർഗനും കൂട്ടരുമുള്ളത്.

( Picture Source : Twitter / IPL )