Skip to content

മുംബൈയ്ക്കെതിരെ ഹാട്രിക്, തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പമെത്തി ഹർഷൽ പട്ടേൽ

തകർപ്പൻ പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ആർ സി ബി പേസർ ഹർഷൽ പട്ടേൽ കാഴ്ച്ചവെച്ചത്. ഹാട്രിക് അടക്കം മത്സരത്തിൽ 17 റൺസ് വഴങ്ങി നാല് വിക്കറ്റ് താരം വീഴ്ത്തി. തന്റെ ആദ്യ ഐ പി എൽ ഹാട്രിക്കാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ ഹർഷൽ പട്ടേൽ നേടിയത്. ഇതോടെ തകർപ്പൻ നേട്ടത്തിൽ നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പം ഇടംപിടിക്കാൻ താരത്തിന് സാധിച്ചു.

( Picture Source : Twitter / IPL )

മത്സരത്തിൽ 54 റൺസിനായിരുന്നു ആർ സി ബിയുടെ വിജയം. ആർ സി ബി ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് 18.1 ഓവറിൽ 111 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലിനൊപ്പം മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചഹാലും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഗ്ലെൻ മാക്‌സ്‌വെല്ലും ചേർന്നാണ് മുംബൈയെ തകർത്തത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആർ സി ബി ഫിഫ്റ്റി നേടിയ കോഹ്ലിയുടെയും മാക്‌സ്‌വെല്ലിന്റെയും മികവിലാണ് മികച്ച സ്കോർ നേടിയത്.

( Picture Source : Twitter / IPL )

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഹാട്രിക് നേടുന്ന മൂന്നാമത്തെ ബൗളറാണ് ഹർഷൽ പട്ടേൽ. ഇതിനുമുൻപ് നിലവിലെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ്മ, 2017 ൽ ആർ സി ബി യ്ക്ക് വേണ്ടി വിൻഡീസ് സ്പിന്നർ സാമുവൽ ബദ്രീ എന്നിവരാണ് ഇതിന് മുൻപ് മുംബൈ ഇന്ത്യൻസിനെതിരെ ഹാട്രിക് നേടിയിട്ടുള്ളത്.

( Picture Source : Twitter / IPL )

2009 ൽ ഡക്കാൻ ചാർജേഴ്സിന് വേണ്ടി കളിക്കവെയാണ് രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസിനെതിരെ ഹാട്രിക് നേടിയത്. സൗത്താഫ്രിക്കയിലെ സെഞ്ചൂറിയണിൽ നടന്ന മത്സരത്തിലെ 16 ആം ഓവറിലെ അഞ്ചാം പന്തിൽ അഭിഷേക് നായർ, അവസാന പന്തിൽ ഹർഭജൻ സിങ് എന്നിവരെ പുറത്താക്കിയ രോഹിത് തന്റെ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ ജെ പി ഡുമിനിയെ പുറത്താക്കിയാണ് ഹാട്രിക് കുറിച്ചത്.

( Picture Source : Twitter / IPL )

രോഹിത് ശർമ്മയ്ക്കും യുവരാജ് സിങിനും ശേഷം ഇന്ത്യയ്ക്ക് പുറത്തുവെച്ച് നടന്ന ഐ പി എൽ ഹാട്രിക് നേടുന്ന മൂന്നാമത്തെ ബൗളറാണ് ഹർഷൽ പട്ടേൽ. 2009 ൽ സൗത്താഫ്രിക്കയിൽ വെച്ചുനടന്ന ഐ പി എല്ലിലാണ് ഇരുവരും ഹാട്രിക് നേടിയത്. ആ സീസണിൽ രണ്ട് തവണ യുവരാജ് ഹാട്രിക് നേടിയിരുന്നു.

( Picture Source : Twitter / IPL )