Skip to content

ഡിവില്ലിയേഴ്സിന്റെ പുറത്താകൽ താങ്ങാനാവാതെ രോഷം പ്രകടിപ്പിച്ച്
മകൻ ; വൈറൽ വീഡിയോ കാണാം

മുംബൈ ഇന്ത്യൻസിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി വിരാട് കോഹ്ലിയുടെ ആർ സി ബി. മത്സരത്തിൽ 54 റൺസിനാണ് നിലവിലെ ചാമ്പ്യന്മാരെ തകർത്തത്. മത്സരത്തിൽ ആർ സി ബി ഉയർത്തിയ 166 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് 18.1 ഓവറിൽ 111 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. സീസണിലെ മുംബൈയുടെ തുടർച്ചയായ മൂന്നാം പരാജയമാണിത്.

നാലോവറിൽ 11 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചഹാലും ഹാട്രിക് നേടിയ ഹർഷാൽ പട്ടേലുമാണ് മുംബൈ ഇന്ത്യൻസിനെ തകർത്തത്. 17 ആം ഓവറിലെ ആദ്യ മൂന്ന് പന്തുകളിൽ ഹാർദിക് പാണ്ഡ്യ, കീറോൺ പൊള്ളാർഡ്, രാഹുൽ ചഹാർ എന്നിവരെ പുറത്താക്കിയാണ് ഹർഷൽ പട്ടേൽ തന്റെ ഹാട്രിക് കുറിച്ചത്. മത്സരത്തിൽ 3.1 ഓവറിൽ 17 റൺസ് മാത്രം വഴങ്ങി ഹാട്രിക് അടക്കം നാല് വിക്കറ്റ് ഹാർഷൽ പട്ടേൽ വീഴ്ത്തി.

ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിനായി കോഹ്ലിയും മാക്‌സ്വെലുമാണ് തിളങ്ങിയത്.
ഗ്ലെന്‍ മാക്സ്‌വെല്‍ 37 പന്തില്‍  നിന്ന് 6 ഫോറും 3 സിക്‌സും ഉൾപ്പെടെ 56 റൺസും, ക്യാപ്റ്റന്‍ വിരാട് കോഹ്ലി 3 സിക്‌സും 3 ഫോറും അടക്കം 42 പന്തില്‍ നിന്ന് 51 റൺസ് നേടി.  മുംബൈയ്ക്കായി ജസ്പ്രീത് ബുംറ 4 ഓവറില്‍ 36 റണ്‍സിനു 3 വിക്കറ്റെടുത്തു. ട്രെന്റ് ബോള്‍ട്ട്, ആദം മില്‍നെ, രാഹുല്‍ ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അതേസമയം ഡിവില്ലിയേഴ്സിന് ഈ മത്സരത്തിലും വലിയ സ്‌കോർ കണ്ടെത്താനായില്ല. കോഹ്ലി പുറത്തായതിന് പിന്നാലെ 16ആം ഓവറിന്റെ അവസാനത്തിൽ ക്രീസിൽ എത്തിയ ഡിവില്ലിയേഴ്‌സ് നേരിട്ട രണ്ടാം പന്തിൽ തന്നെ ബുംറയ്ക്കെതിരെ സിക്സ് പറത്തിയിരുന്നു. തൊട്ടുപിന്നാലെ അതേ ഓവറിൽ ബൗണ്ടറിയും നേടി. എന്നാൽ 19ആം ഓവറിലെ നാലാം പന്തിൽ ബുംറയ്ക്ക് മുന്നിൽ കീഴടങ്ങി. 6 പന്തിൽ 11 റൺസ് നേടിയിരുന്നു.

145 വേഗതയിൽ വന്ന ഷോർട്ട് ബോള് ബൗണ്ടറി കടത്താനുള്ള ഡിവില്ലിയേഴ്സിന്റെ ശ്രമം ഡികോകിന്റെ കൈകളിൽ എത്തുകയായിരുന്നു. ഇതിനിടെ അച്ഛൻ ഡിവില്ലിയേഴ്‌സ് പുറത്തായതിൽ നിരാശയോടെ  രോഷം പ്രകടിപ്പിക്കുന്ന മകനാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ഗ്യാലറിയിൽ മത്സരം വീക്ഷിക്കുകയായിരുന്ന മകൻ ബുംറയുടെ പന്തിൽ ഡിവില്ലിയേഴ്‌സ് പുറത്തായതിന് പിന്നാലെ ദേഷ്യം കൊണ്ട് ബെഞ്ചിൽ ഇടിക്കുകയായിരുന്നു.