Skip to content

അവരുടെ സ്ഥാനത്ത് ക്രിസ് ഗെയ്ൽ ആയിരുന്നെങ്കിൽ പഞ്ചാബ് മത്സരത്തിൽ തോൽക്കില്ലായിരുന്നു, വീരേന്ദർ സെവാഗ്

രാജസ്ഥാൻ റോയൽസിനെതിരായ പഞ്ചാബ് കിങ്സിന്റെ പരാജയത്തിന് കാരണം ടീമിലെ മുൻനിര ബാറ്റ്‌സ്മാന്മാരാണെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ക്രിസ് ഗെയ്ൽ കളിച്ചിരുന്നുവെങ്കിൽ പഞ്ചാബ് പരാജയപെടില്ലായിരുന്നുവെന്നും പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം കെ എൽ രാഹുലും മായങ്ക് അഗർവാളുമടക്കമുള്ള മുൻനിര ബാറ്റ്‌സ്മാന്മാർക്കാണെന്നും അഭിപ്രായപെട്ട സെവാഗ് അതിന് പിന്നിലെ കാരണവും വെളിപ്പെടുത്തി.

( Picture Source : Twitter / IPL )

അവസാന പന്ത്‌ വരെ നീണ്ട ആവേശപോരാട്ടത്തിൽ 2 റൺസിനാണ് രാജസ്ഥാൻ റോയൽസ് വിജയിച്ചത്. 186 റൺസിന്റെ വിജയലക്ഷ്യം പിന്തുടരവെ ഓപ്പണിങ് കൂട്ടുകെട്ടിൽ 120 റൺസ് കെ എൽ രാഹുലും അഗർവാളും കൂട്ടിച്ചേർത്തിരുന്നു. കെ എൽ രാഹുൽ 49 റൺസും മായങ്ക് അഗർവാൾ 67 റൺസും നേടിയിരുന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ ഇരുവർക്കും സാധിച്ചില്ല.

( Picture Source : Twitter / IPL )

” ഈ മത്സരത്തിൽ പരാജയത്തിന് കാരണക്കാരനായ ഒരു താരത്തെ തിരഞ്ഞെടുക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ പരാജയത്തിന് കാരണക്കാരൻ ആരെന്ന് ചോദിച്ചാൽ എന്റെ ഉത്തരം മായങ്ക് അഗർവാൾ എന്നായിരിക്കും. നിങ്ങൾ ഫോമിലെത്തി റൺസ് നേടിയാൽ മത്സരം നിങ്ങൾ തന്നെയാണ് ഫിനിഷ് ചെയ്യേണ്ടത്. ആ ജോലി മറ്റാർക്കും നൽകുവാൻ പാടില്ല. ആദ്യ മത്സരത്തിൽ ഋതുരാജ് ഗയ്ഗ്വാദ് 89 റൺസ് നേടി പുറത്താകാതെ നിൽക്കുകയും 20 ഓവർ കളിക്കുകയും ചെയ്തു. അവസാന പന്ത്‌ വരെ ക്രീസിൽ നിലയുറപ്പിച്ച അവന്റെ പ്രകടനമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ” സെവാഗ് പറഞ്ഞു.

( Picture Source : Twitter / IPL )

” മായങ്ക് അഗർവാളും കെ എൽ രാഹുലും അതാണ് ചെയ്യേണ്ടിയിരുന്നത്. കാരണം ടോപ്പ് 3 ബാറ്റ്‌സ്മാന്മാരുടെ ചുമതല അതാണ്. പുതിയ ബാറ്റ്‌സ്മാന് പിച്ചിനെ കുറിച്ചോ ആ പിച്ചിൽ എങ്ങനെ കളിക്കണമെന്നോ ധാരണയുണ്ടാകില്ല. എന്നാൽ നിങ്ങൾ 40-50 പന്തുകൾ നേരിട്ടവരാണ്. അവരുടെ സ്ഥാനത്ത് ക്രിസ് ഗെയ്ലായിരുന്നുവെങ്കിൽ അദ്ദേഹം നാല്പതോ അമ്പതോ റൺസ് നേടിയിരുന്നെങ്കിൽ പഞ്ചാബിനെ തോൽക്കാൻ ഗെയ്ൽ അനുവദിക്കുമായിരുന്നില്ല. അവൻ തീർച്ചയായും ടീമിനെ വിജയത്തിൽ എത്തിച്ചേനെ. ” സെവാഗ് കൂട്ടിച്ചേർത്തു.

9 മത്സരങ്ങളിൽ നിന്നും മൂന്ന് വിജയത്തോടെ നിലവിൽ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ് പഞ്ചാബ് കിങ്‌സ്. ഇനിയുള്ള അഞ്ച് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ചാൽ മാത്രമേ പ്ലേയോഫിൽ യോഗ്യത ഉറപ്പിക്കാൻ പഞ്ചാബിന് സാധിക്കൂ.

( Picture Source : Twitter / IPL )