Skip to content

ദൈവം തന്ന കഴിവ് പാഴാക്കി കളയരുത്, അക്കാര്യത്തിൽ കൂടുതൽ സൂക്ഷിക്കണം ; സഞ്ജുവിന് ഉപദേശവുമായി ഗാവസ്കർ

പഞ്ചാബ് കിങ്സിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ അവിശ്വസനീയ ജയമാണ് സഞ്ജുവും കൂട്ടരും നേടിയത്. ഓപ്പണർമാരായ രാഹുലിന്റെയും അഗർവാളിന്റെയും തകർപ്പൻ ഇന്നിങ്സ് കരുത്തിൽ അനായാസം പഞ്ചാബ് ജയം നേടുമെന്ന് കരുതിയ ഇടത്താണ് രാജസ്ഥാൻ റോയൽസ് ജയം തിരിച്ചു പിടിച്ചത്. അവസാന 2 ഓവറിൽ 8 റൺസ് വേണമെന്ന ഘട്ടത്തിൽ രാജസ്ഥാൻ വെറും 5 റൺസ് മാത്രമാണ് വഴങ്ങിയത്.

19ആം ഓവർ എറിഞ്ഞ മുസ്തഫിസുർ റഹ്മാൻ 4 റൺസും അവസാന ഓവർ എറിഞ്ഞ കാർത്തിക് ത്യാഗി ഒരു റൺസുമാണ് വിട്ടുനൽകിയത്.നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 36 പന്തിൽ 49 റൺസ് നേടിയ യുവതാരം ജയ്സ്വാൾ, 17 പന്തിൽ 43 റൺസ് നേടിയ മഹിപാൽ ലോംറർ, 21 പന്തിൽ 36 റൺസ് നേടിയ എവിൻ ലൂയിസ് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ക്യാപ്റ്റൻ സഞ്ജു സാംസൺ 4 റൺസ് മാത്രം നേടി പുറത്തായി. ക്യാച്ചിലൂടെയാണ് സഞ്ജു ഇത്തവണ പുറത്തായത്.

ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയ സഞ്ജുവിന് ഉപദേശവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗാവസ്കർ. ഷോട്ട് സെലക്ഷനാണ് സഞ്ജു നേരിടുന്ന പ്രധാന പ്രശ്നമെന്ന് ചൂണ്ടിക്കാട്ടിയ ഗാവസ്കർ, ദൈവം നൽകിയ കഴിവ് പാഴാക്കി കളയരുതെന്നും ആവശ്യപ്പെട്ടു.

“സഞ്ജുവിനെ എല്ലായ്പ്പോഴും പരാജയപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷനാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലായാൽപ്പോലും സഞ്ജു ഇന്നിങ്സ് ഓപ്പൺ ചെയ്യാറില്ല. അദ്ദേഹം വൺഡൗണോ സെക്കൻഡ് ഡൗണോ ആയിട്ടാണ് ബാറ്റിങ്ങിന് എത്താറുള്ളത്. പക്ഷേ, ക്രീസിലെത്തിയാൽ ആദ്യ പന്തുതന്നെ അതിർത്തി കടത്തണമെന്ന് വാശിയുള്ളതുപോലെയാണ് കളി. അത് ഏറെക്കുറേ അസാധ്യമായ സംഗതിയാണ്. ഏറ്റവും മികച്ച ഫോമിലായിരിക്കുമ്പോൾ പോലും നേരിടുന്ന ആദ്യ പന്ത് അതിർത്തി കടത്തുകയെന്നത് ഏറെക്കുറെ അസാധ്യമാണ്. അതിനു പകരം സിംഗിളുകളും ഡബിളുകളുമെടുത്ത് തുടങ്ങിയശേഷം പതുക്കെ ബൗണ്ടറികൾ ലക്ഷ്യമിടുന്നതാണ് നല്ലത്. ” ഗാവസ്കർ പറഞ്ഞു

“ഷോട്ട് സെലക്ഷൻ മെച്ചപ്പെടുത്തി പ്രകടനം നന്നാക്കാൻ സഞ്ജുവിനു കഴിയുമോ എന്നാണ് എല്ലാവരും ഇനി ഉറ്റുനോക്കുക. അല്ലെങ്കിൽ ദൈവം നൽകിയ കഴിവ് പാഴാക്കിക്കളയുന്നതിനു തുല്യമാകും അത്. ക്ഷമയില്ലെങ്കിൽ ഷോട്ട് സെലക്ഷൻ പാളുമെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. കുട്ടിക്കളിയിൽനിന്നു മാറി ഒരാൾ ലക്ഷണമൊത്ത കളിക്കാരനാകുന്നത് ക്ഷമയോടെ കളിക്കുമ്പോഴാണ്. അതുകൊണ്ട് മുന്നോട്ടുള്ള കരിയറിൽ ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമായി മാറാൻ സഞ്ജു ഷോട്ട് സെലക്ഷനിൽ ശ്രദ്ധിച്ചേ മതിയാകൂ. ” ഗാവസ്കർ കൂട്ടിച്ചേർത്തു.