Skip to content

വീണ്ടും പടിക്കൽ കലമുടച്ച് പഞ്ചാബ് കിങ്‌സ്, ഹീറോയായി ത്യാഗി, രാജസ്ഥാൻ റോയൽസിന് ആവേശവിജയം

പഞ്ചാബ് കിങ്‌സിനെതിരെ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് ആവേശവിജയം. അവസാന പന്ത്‌ വരെ നീണ്ടുനിന്ന ആവേശപോരാട്ടത്തിൽ 2 റൺസിനാണ് രാജസ്ഥാൻ റോയൽസ് വിജയിച്ചത്. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 186 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 183 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ.

തകർപ്പൻ തുടക്കമാണ് കെ എൽ രാഹുലും മായങ്ക് അഗർവാളും ചേർന്ന് പഞ്ചാബിന് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 120 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. അഗർവാൾ 43 പന്തിൽ 7 ഫോറും 2 സിക്‌സുമടക്കം 67 റൺസും ക്യാപ്റ്റൻ കെ എൽ രാഹുൽ 49 റൺസും നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

( Picture Source : Twitter / IPL )

അവസാന ഓവറിൽ 8 വിക്കറ്റ് ശേഷിക്കെ 4 റൺസ് മാത്രമായിരുന്നു പഞ്ചാബ് കിങ്‌സിന് വേണ്ടിയിരുന്നത്. രാജസ്ഥാൻ റോയൽസിന് വേണ്ടി ഓവർ എറിഞ്ഞ യുവതാരം കാർത്തിക് ത്യാഗി ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ഒരു റൺ മാത്രം വിട്ടുകൊടുത്ത് ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്യുകയായിരുന്നു.

( Picture Source : Twitter / IPL )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 36 പന്തിൽ 49 റൺസ് നേടിയ യുവതാരം ജയ്സ്വാൾ, 17 പന്തിൽ 43 റൺസ് നേടിയ മഹിപാൽ ലോംറർ, 21 പന്തിൽ 36 റൺസ് നേടിയ എവിൻ ലൂയിസ് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ക്യാപ്റ്റൻ സഞ്ജു സാംസൺ 4 റൺസ് മാത്രം നേടി പുറത്തായി.

( Picture Source : Twitter / IPL )

പഞ്ചാബ് കിങ്‌സിന് വേണ്ടി അർഷ്ദീപ് സിങ് നാലോവറിൽ 32 റൺസ് വഴങ്ങി 5 വിക്കറ്റും മൊഹമ്മദ് ഷാമി നാലോവറിൽ 21 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. സീസണിലെ രാജസ്ഥാൻ റോയൽസിന്റെ നാലാം വിജയമാണിത്. വിജയത്തോടെ പോയിന്റ് ടേബിളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പിന്നിലാക്കി രാജസ്ഥാൻ അഞ്ചാം സ്ഥാനത്തെത്തി. സെപ്റ്റംബർ 25 ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം. ഡൽഹി ക്യാപിറ്റൽസാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത എതിരാളി.

( Picture Source : Twitter / IPL )