Skip to content

എന്റെ ബൗളർമാരിൽ എനിക്ക് വിശ്വാസമുണ്ട്, അതുകൊണ്ടാണ് ആ രണ്ടോവർ മാറ്റിവെച്ചത്, സഞ്ജു സാംസൺ

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ നിർണായകമായ തന്റെ തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. റോയൽസ് 2 റൺസിന് വിജയിച്ച മത്സരത്തിൽ വിധിനിർണയിച്ചത് മുസ്താഫിസുർ റഹ്മാനും കാർത്തിക് ത്യാഗിയും എറിഞ്ഞ അവസാന രണ്ട് ഓവറുകളായിരുന്നു. മത്സരത്തിനിടെ മധ്യഓവറുകളിൽ മുസ്താഫിസുറിനെ പരീക്ഷിക്കാതിരുന്ന സഞ്ജുവിന്റെ തീരുമാനത്തെ കമന്റെറ്റർമാർ വിമർശിച്ചിരുന്നു. എന്നാൽ മത്സരത്തിന്റെ അവസാന നിമിഷത്തിൽ സഞ്ജുവിന്റെ ഈ തീരുമാനം റോയൽസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

( Picture Source : Twitter / IPL )

12 ആം ഓവറിൽ കെ എൽ രാഹുലും തൊട്ടടുത്ത ഓവറിൽ മായങ്ക് അഗർവാളും പുറത്തായ ശേഷം അടുത്ത ഓവർ റിയാൻ പരാഗിനാണ് സഞ്ജു കൈമാറിയത്. പ്രധാന ബൗളറായ മുസ്തഫിസുറിന് ഓവർ നൽകാതിരുന്ന സഞ്ജുവിന്റെ ഈ തീരുമാനത്തെ കമന്റെറ്റർമാരായ ഗൗതം ഗംഭീറും ഗ്രെയിം സ്വാനും അടക്കമുള്ളവർ വിമർശിച്ചിരുന്നു.

തുടർന്ന് 17 ആം ഓവറിലാണ് മുസ്താഫിസുർ തന്റെ മൂന്നാം ഓവർ എറിയാനായി എത്തിയത്. ആ ഓവറിൽ 14 റൺസ് വഴങ്ങിയെങ്കിലും അവസാന രണ്ടോവറിൽ 8 റൺസ് വേണമെന്നിരിക്കെ 19 ആം ഓവർ എറിഞ്ഞ മുസ്തഫിസുർ 4 റൺസ് മാത്രമാണ് ആ ഓവറിൽ വഴങ്ങിയത്. അവസാന ഓവർ എറിഞ്ഞ യുവതാരം കാർത്തിക് ത്യാഗി 2 വിക്കറ്റ് നേടുകയും ഓവറിൽ വെറും ഒരു റൺ മാത്രം വിട്ടുകൊടുത്ത് ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.

( Picture Source : Twitter / IPL )

” മത്സരത്തിൽ വിജയിക്കാൻ സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നത് രസകരമാണ്, മത്സരം കാണുന്നവരോ മറ്റുള്ളവരോ ഞങ്ങൾ വിജയിക്കുമെന്ന് പ്രതീക്ഷിച്ചുകാണില്ല. അവസാന ഓവറുകൾ എറിയാൻ പോന്ന സ്‌പെഷ്യലിസ്റ്റ് ബൗളർമാർ ടീമിലുണ്ടെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ക്രിക്കറ്റ് രസകരമായ ഗെയിമാണ്, അവിടെ എന്തും സംഭവിക്കാം. അതുകൊണ്ടാണ് മുസ്തഫിസുറിന്റെയും ത്യാഗിയുടെയും ഓവറുകൾ ഞാൻ മാറ്റിവെച്ചത്. ” സഞ്ജു സാംസൺ പറഞ്ഞു.

( Picture Source : Twitter / IPL )

” മത്സരം വിജയിച്ചാൽ നിങ്ങളെടുക്കുന്ന എല്ലാ തീരുമാനവും ശരിയായി മാറും. ഞാൻ എല്ലായ്പ്പോഴും എന്റെ ബൗളർമാരെ വിശ്വസിക്കുന്നു. എല്ലായ്പ്പോഴും പോരാടാനും വിജയിക്കുമെന്ന് വിശ്വസിക്കാനും ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് മുസ്‌താഫിസുറിന്റെ രണ്ടോവറുകൾ അവസാനത്തേക്ക് ഞാൻ മാറ്റിവെച്ചത്. മത്സരത്തിൽ വിജയിക്കാൻ സാധിക്കുമെന്ന് എനിക്കപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. ” സഞ്ജു കൂട്ടിച്ചേർത്തു.

( Picture Source : Twitter / IPL )

അവസാന ഓവറുകളിൽ കൂടുതൽ റൺസ് നേടി വമ്പൻ ടോട്ടൽ ഉയർത്താൻ സാധിച്ചില്ലയെങ്കിലും ഈ വിക്കറ്റിൽ ടീം നേടിയ സ്കോറിൽ താൻ തൃപ്തനാണെന്നും മികച്ച ബൗളിങ് ടീമാണ് റോയൽസെന്നും മത്സരത്തിൽ ക്യാച്ചുകളിൽ പിഴവ് വരുത്തിയില്ലായിരുന്നെങ്കിൽ നേരത്തെ തന്നെ മത്സരത്തിൽ വിജയിക്കാൻ സാധിച്ചേനെയെന്നും സഞ്ജു പറഞ്ഞു.

( Picture Source : Twitter / IPL )