Skip to content

മറ്റൊരു ഇതിഹാസവും ക്രിക്കറ്റിൽ നിന്നും വിടവാങ്ങി, മൂന്ന് ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മലിംഗ

ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിൽ നിന്നും വിരമിച്ചു. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ടി20 ഫോർമാറ്റിൽ നിന്നും താൻ വിരമിക്കുകയാണെന്ന വാർത്ത മലിംഗ ആരാധകരുമായി പങ്കുവെച്ചത്. നേരത്തെ ടെസ്റ്റിൽ നിന്നും ഏകദിനത്തിൽ നിന്നും മലിംഗ വിരമിച്ചിരുന്നു.

( Picture Source : Twitter )

” ടി20 ക്രിക്കറ്റിനോടും വിടവാങ്ങി ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിൽ നിന്നും ഞാൻ വിരമിക്കുകയാണ്. എന്റെ ഈ യാത്രയിൽ പിന്തുണ നൽകിയ എല്ലാവർക്കും നന്ദി. ഇനിയുള്ള വർഷങ്ങളിൽ യുവതലമുറയ്ക്ക് എന്റെ എക്സ്പീരിയൻസ് പകർന്നുനൽകുവാൻ ഞാൻ ആഗ്രഹിക്കുന്നു. ” മലിംഗ കുറിച്ചു.

മലിംഗയുടെ ക്യാപ്റ്റൻസിയിലാണ് 2014 ൽ ശ്രീലങ്ക ടി20 ലോകകപ്പ് നേടിയത്. ഫൈനലിൽ ഇന്ത്യയെ 6 വിക്കറ്റിന് പരാജയപെടുത്തികൊണ്ടാണ് ശ്രീലങ്ക കിരീടം നേടിയത്. 2019 ലോകകപ്പിൽ ശ്രീലങ്കൻ ബൗളിങ് നിരയെ നയിച്ച മലിംഗ 13 വിക്കറ്റുകൾ ടൂർണമെന്റിൽ നേടിയിരുന്നു. 2019 ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തോടെയായിരുന്നു ഏകദിന ക്രിക്കറ്റിൽ നിന്നും മലിംഗ വിരമിച്ചത്.

( Picture Source : Twitter )

ഒന്നിലധികം തവണ തുടർച്ചയായ നാല് പന്തുകളിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ ഒരേയൊരു ബൗളറാണ് മലിംഗ. അന്താരാഷ്ട്ര ക്രിക്കറ്റിൽ 5 ഹാട്രിക് മലിംഗ നേടിയിട്ടുണ്ട്‌. അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറും ലസിത് മലിംഗയാണ്. 84 മത്സരങ്ങളിൽ 107 വിക്കറ്റുകൾ മലിംഗ നേടിയിട്ടുണ്ട്‌.

( Picture Source : Twitter )

ഐ പി എല്ലിലും ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയിട്ടുള്ള ബൗളർ മലിംഗയാണ്. 122 മത്സരങ്ങളിൽ നിന്നും 170 വിക്കറ്റുകൾ ഐ പി എല്ലിൽ മലിംഗ നേടിയിട്ടുണ്ട്‌. 226 ഏകദിന മത്സരങ്ങളിൽ നിന്നും 338 വിക്കറ്റും 30 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 101 വിക്കറ്റും മലിംഗ നേടിയിട്ടുണ്ട്‌.

( Picture Source : Twitter )