Skip to content

വിരാട് കോഹ്ലിയെയും എബി ഡിവില്ലിയേഴ്സിനെയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളി ; ഗൗതം ഗംഭീർ

യു എ ഇയിൽ നടക്കുന്ന ഐ പി എൽ പതിനാലാം സീസണിന്റെ രണ്ടാം പകുതിയിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും സൂപ്പർതാരം എ ബി ഡിവില്ലിയേഴ്സിനെയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ആർ സി ബിയ്ക്ക് കിരീടം നേടണമെങ്കിൽ കോഹ്ലിയും ഡിവില്ലിയേഴ്സും റൺസ് നേടണമെന്നും അതിനായി ആ വെല്ലുവിളികൾ അവർ മറികടക്കണമെന്നും ഗംഭീർ പറഞ്ഞു.

( Picture Source : Twitter / BCCI )

നിലവിൽ പോയിന്റ് ടേബിളിൽ 7 മത്സരങ്ങളിൽ നിന്നും 5 വിജയത്തോടെ ഡൽഹി ക്യാപിറ്റൽസിനും ചെന്നൈ സൂപ്പർ കിങ്‌സിനും പുറകിൽ മൂന്നാം സ്ഥാനത്താണ് കോഹ്ലിയും കൂട്ടരുമുള്ളത്. ടൂർണമെന്റിലെ ആദ്യ 5 മത്സരങ്ങളിലും വിജയിക്കുവാൻ ആർ സി ബിയ്ക്ക് സാധിച്ചിരുന്നു.

” ഈ ഐ പി എൽ കോഹ്ലിയ്ക്ക് വെല്ലുവിളിയാണ്, ഒപ്പം വലിയ വെല്ലുവിളിയാണ് എ ബി ഡിവില്ലിയേഴ്സിനെ കാത്തിരിക്കുന്നത്. കാരണം ഈ കാലയളവിൽ ക്രിക്കറ്റൊന്നും കളിക്കാതെയാണ് ഡിവില്ലിയേഴ്സ് ടൂർണമെന്റിനായി എത്തുന്നത്. ” ഗംഭീർ പറഞ്ഞു.

( Picture Source : Twitter / BCCI )

” 5 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമാണ് കോഹ്ലി ടി20 ഫോർമാറ്റിലേക്ക് എത്തുന്നത്, അതുകൊണ്ട് തന്നെ അവൻ വളരെ പെട്ടെന്ന് ഈ ഫോർമാറ്റിനോട് ഒത്തിണങ്ങേണ്ടതുണ്ട്. ഇവർ രണ്ട് പേരും റൺസ് നേടിയെങ്കിൽ മാത്രമേ ആദ്യം പ്ലേയോഫ് യോഗ്യത നേടാനും പിന്നീട് ആദ്യ കിരീടം നേടുവാനും അവർക്ക് സാധിക്കൂ. ” ഗംഭീർ കൂട്ടിച്ചേർത്തു.

( Picture Source : Twitter / BCCI )

ആദ്യ പകുതിയിൽ കോഹ്ലി 7 മത്സരങ്ങളിൽ 198 റൺസ് നേടിയപ്പോൾ ഡിവില്ലിയേഴ്സ് 160 മുകളിൽ സ്‌ട്രൈക്ക് റേറ്റിൽ 207 റൺസ് നേടിയിട്ടുണ്ട്‌. 37.16 ശരാശരിയിൽ 223 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലാണ് ആദ്യ പകുതിയിൽ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത്.

( Picture Source : Twitter / BCCI )