ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഉപദേശകനായി മുൻ ക്യാപ്റ്റൻ എം എസ് ധോണിയെ നിയമിച്ചതിന് പിന്നിലെ കാരണം വിശദീകരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മികച്ച റെക്കോർഡാണ് ടി20 ക്രിക്കറ്റിൽ ധോണിയ്ക്ക് ഉള്ളതെന്നും ടൂർണമെന്റിൽ ടീമിനെ സഹായിക്കാൻ ധോണിയ്ക്ക് സാധിക്കുമെന്നും ഗാംഗുലി പറഞ്ഞു.

” ലോകകപ്പിൽ ടീമിനെ സഹായിക്കാൻ വേണ്ടിയാണ് ഈ തീരുമാനം. മികച്ച റെക്കോർഡാണ് ടി20 ഫോർമാറ്റിൽ ഇന്ത്യയ്ക്ക് വേണ്ടിയും ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയും ധോണിയ്ക്കുള്ളത്. വളരെയധികം ആലോചിച്ചെടുത്ത തീരുമാനമാണിത്. ഞങ്ങൾ ഒരുപാട് ചർച്ചകൾ നടത്തുകയും അതിന് ശേഷം ധോണിയെ ടീമിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. ” ഗാംഗുലി പറഞ്ഞു.

” 2013 ന് ശേഷം ഐസിസി ട്രോഫി നേടാൻ നമുക്ക് സാധിച്ചിട്ടില്ല. സമനിലയിൽ കലാശിച്ച ഇംഗ്ലണ്ടിൽ നടന്ന കഴിഞ്ഞ ആഷസ് പരമ്പരയിൽ ഓസ്‌ട്രേലിയ സമാനമായ ജോലി സ്റ്റീവ് വോയെ ഏൽപ്പിച്ചിരുന്നു. ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്റിൽ ഇത്തരം താരങ്ങളുടെ സാന്നിധ്യം ടീമിന് ഗുണകരമാകും.” ഗാംഗുലി കൂട്ടിച്ചേർത്തു.

2013 ൽ നടന്ന ചാമ്പ്യൻസ് ട്രോഫിയാണ് ഇന്ത്യ അവസാനമായി വിജയിച്ച ഐസിസി ടൂർണമെന്റ്. അതിന് ശേഷം നടന്ന ഐസിസി ടൂർണമെന്റുകളിൽ ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യയ്ക്ക് നോകൗട്ട് മത്സരങ്ങളിൽ മികവ് പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. അവസാനമായി ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡിനോട് ഇന്ത്യ പരാജയപെട്ടിരുന്നു.
നിർണായകമായ മാറ്റങ്ങളോടെയാണ് ഇന്ത്യ ലോകകപ്പ് ടീം പ്രഖ്യാപിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ലിമിറ്റഡ് ഓവർ ടീമിൽ തിരിച്ചെത്തിയപ്പോൾ ടീമിലെ പ്രധാന സ്പിന്നറായിരുന്ന യുസ്വേന്ദ്ര ചഹാലിന് ടീമിലിടം നേടുവാൻ സാധിച്ചില്ല.
