Skip to content

ക്യാപ്റ്റൻസിയിലും കിങ്, ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനായി വിരാട് കോഹ്ലി

ഓവൽ ടെസ്റ്റിലെ ഇന്ത്യയുടെ ചരിത്രവിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഏഷ്യൻ ക്യാപ്റ്റന്മാരിൽ ആർക്കും തന്നെ ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കുവാൻ സാധിച്ചിട്ടില്ല.

( Picture Source : Twitter / BCCI )

മത്സരത്തിൽ 157 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയർത്തിയ 368 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സിൽ 210 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. ഓവലിൽ നീണ്ട 50 വർഷങ്ങൾക്ക് ശേഷം ഇന്ത്യ നേടുന്ന ടെസ്റ്റ് വിജയമാണിത്.

( Picture Source : Twitter / BCCI )

ഇംഗ്ലണ്ടിൽ കോഹ്ലിയുടെ കീഴിൽ ഇന്ത്യ നേടുന്ന മൂന്നാം ടെസ്റ്റ് വിജയമാണിത്. ഇതോടെ ഇംഗ്ലണ്ടിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ വിജയിക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് കോഹ്ലി സ്വന്തമാക്കി. നേരത്തെ ലോർഡ്സിൽ നടന്ന ഈ പരമ്പരയിലെ രണ്ടാം മത്സരത്തിലും അതിനുമുൻപ് 2018 ൽ നടന്ന പരമ്പരയിലെ മൂന്നാം ടെസ്റ്റിലും കോഹ്ലിയുടെ കീഴിൽ ഇന്ത്യ വിജയിച്ചിരുന്നു.

( Picture Source : Twitter / BCCI )

ഇംഗ്ലണ്ടിൽ 2 വീതം ടെസ്റ്റ് മത്സരങ്ങൾ വിജയിച്ചിട്ടുള്ള കപിൽ ദേവ്, ഇമ്രാൻ ഖാൻ, ജാവേദ് മിയാൻദാദ്, മിസ്ബ ഉൾ ഹഖ്, വസിം അക്രം എന്നിവരാണ് ഈ നേട്ടത്തിൽ കോഹ്ലിയ്ക്ക് പുറകിലുള്ളത്.

SENA രാജ്യങ്ങളിൽ ( സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ ) ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയം നേടിയിട്ടുള്ള ഏഷ്യൻ ക്യാപ്റ്റനെന്ന നേട്ടവും കോഹ്ലിയുടെ പേരിലാണ്. SENA രാജ്യങ്ങളിൽ 6 ടെസ്റ്റ് വിജയങ്ങൾ കോഹ്ലി നേടിയിട്ടുണ്ട്‌. കോഹ്ലിയുടെ കീഴിൽ ഇന്ത്യ നേടുന്ന 38 ആം ടെസ്റ്റ് വിജയമാണിത്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ക്യാപ്റ്റന്മാരുടെ പട്ടികയിൽ നിലവിൽ നാലാം സ്ഥാനത്താണ് വിരാട് കോഹ്ലി. ഗ്രെയിം സ്മിത്ത് (53), റിക്കി പോണ്ടിങ് (48), സ്റ്റീവ് വോ (41) എന്നിവരാണ് ഈ നേട്ടത്തിൽ കോഹ്ലിയ്ക്ക് മുൻപിലുള്ളത്.

( Picture Source : Twitter / BCCI )