മാൻ ഓഫ് ദി മാച്ച് അർഹിച്ചിരുന്നത് അവനാണ് ; രോഹിത് ശർമ്മ

ഓവൽ ടെസ്റ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഓൾറൗണ്ടർ ഷാർദുൽ താക്കൂറിനെ പ്രശംസിച്ച് രോഹിത് ശർമ്മ. മാൻ ഓഫ് ദി മാച്ച് അർഹിച്ചിരുന്നത് താക്കൂറാണെന്നും താക്കൂറിന്റെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതെന്നും രോഹിത് ശർമ്മ പറഞ്ഞു.

( Picture Source : Twitter / BCCI )

ചരിത്രവിജയമാണ് ഓവൽ ടെസ്റ്റിൽ ഇന്ത്യ നേടിയത്. നീണ്ട 50 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഓവലിൽ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. മത്സരത്തിൽ 157 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ തകർപ്പൻ ഓൾ റൗണ്ടർ പ്രകടനമാണ് താക്കൂർ കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ 31 പന്തിൽ 50 നേടി 57 റൺസ് നേടി പുറത്തായ താക്കൂർ രണ്ടാം ഇന്നിങ്സിൽ 72 പന്തിൽ 60 റൺസ് നേടിയിരുന്നു. രണ്ട് ഇന്നിങ്സിൽ നിന്നുമായി മൂന്ന് വിക്കറ്റും താക്കൂർ നേടിയിരുന്നു.

( Picture Source : Twitter / BCCI )

” ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് താക്കൂറിന്റെ പ്രകടനമാണ്. സത്യസന്ധമായി പറഞ്ഞാൽ അവനാണ് മാൻ ഓഫ് ദി മാച്ചിന് അർഹൻ. ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ 100 റൺസ് നേടിയപ്പോൾ നിർണായകമായ വിക്കറ്റ് നേടിയത് താക്കൂറാണ്. ആ വിക്കറ്റ് മത്സരത്തിൽ വളരെ പ്രധാനപ്പെട്ടതായിരുന്നു ഒപ്പം ജോ റൂട്ടിന്റെ വിക്കറ്റ് നേടിയതും. ” രോഹിത് ശർമ്മ പറഞ്ഞു.

( Picture Source : Twitter / BCCI )

” അവന്റെ ബാറ്റിങ് എങ്ങനെ മറക്കുവാൻ സാധിക്കും. ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങി വെറും 31 പന്തിൽ നിന്നാണ് അവൻ ഫിഫ്റ്റി നേടിയത്. അവൻ അവന്റെ ബാറ്റിങ് വളരെയധികം ഇഷ്ട്ടപെടുന്നുണ്ട്. അതിനായി അവൻ ഒരുപാട് പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. തനിക്ക് ബാറ്റ് ചെയ്യാൻ സാധിക്കുമെന്നും മത്സരത്തിന്റെ ഗതിതന്നെ മാറ്റിമറിക്കാൻ സാധിക്കുമെന്നുമാണ് അവൻ തെളിയിച്ചുകൊണ്ടിരിക്കുന്നത്. മാൻ ഓഫ് ദി മാച്ച് ലഭിച്ചത് എനിക്കാണ് എന്നാൽ അവനും അതിന്റെ ഭാഗമാകണമായിരുന്നു. ” രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.

( Picture Source : Twitter / BCCI )

മത്സരത്തിൽ തന്റെ ആദ്യ ഓവർസീസ് സെഞ്ചുറി നേടിയ ഹിറ്റ്മാൻ 256 പന്തിൽ 127 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിലെ വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 2-1 ന് മുൻപിലെത്തി.

( Picture Source : Twitter / BCCI )