Skip to content

മുൻപിൽ സാക്ഷാൽ ബ്രാഡ്മാൻ മാത്രം, രാഹുൽ ദ്രാവിഡിനെ പിന്നിലാക്കി രോഹിത് ശർമ്മ

ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ഇതിഹാസ താരം രാഹുൽ ദ്രാവിഡിനെ പിന്നിലാക്കിയാണ് ഈ തകർപ്പൻ നേട്ടം രോഹിത് ശർമ്മ സ്വന്തമാക്കിയത്.

( Picture Source : Twitter / BCCI )

തന്റെ ആദ്യ ഓവർസീസ് സെഞ്ചുറിയാണ് ഓവലിൽ രോഹിത് ശർമ്മ കുറിച്ചത്. 204 പന്തിൽ നിന്നാണ് രോഹിത് ശർമ്മ സെഞ്ചുറി നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലെ രോഹിത് ശർമ്മയുടെ എട്ടാം സെഞ്ചുറിയാണിത്. 256 പന്തിൽ നിന്നും 14 ഫോറും ഒരു സിക്സുമടക്കം 127 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്.

ഇംഗ്ലണ്ടിലെ രോഹിത് ശർമ്മയുടെ ഒമ്പതാം സെഞ്ചുറിയാണിത്. ഇതിനുമുൻപ് ഏകദിനത്തിൽ ഏഴ് സെഞ്ചുറിയും ഒരു ടി20 സെഞ്ചുറിയും രോഹിത് ശർമ്മ ഇംഗ്ലണ്ടിൽ നേടിയിട്ടുണ്ട്‌. ഇതോടെ ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ വിദേശ ബാറ്റ്‌സ്മാനെന്ന നേട്ടത്തിൽ വെസ്റ്റിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സിനൊപ്പം രോഹിത് ശർമ്മയെത്തി. ഇംഗ്ലണ്ടിൽ എട്ട് സെഞ്ചുറി നേടിയ ഇന്ത്യൻ ഇതിഹാസം രാഹുൽ ദ്രാവിഡിനെയാണ് രോഹിത് ശർമ്മ പിന്നിലാക്കിയത്.

( Picture Source : Twitter / BCCI )

സാക്ഷാൽ ഡോൺ ബ്രാഡ്മാനാണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. 11 സെഞ്ചുറി ഇംഗ്ലണ്ടിൽ ഡോൺ ബ്രാഡ്മാൻ നേടിയിട്ടുണ്ട്‌. ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന വിദേശ ഓപ്പണറെന്ന നേട്ടവും രോഹിത് ശർമ്മ സ്വന്തമാക്കി. വെസ്റ്റിൻഡീസ് ബാറ്റ്‌സ്മാൻ ഗോർഡൻ ഗ്രീനിഡ്ജി നെയാണ് ഈ നേട്ടത്തിൽ രോഹിത് ശർമ്മ പിന്നിലാക്കിയത്.

( Picture Source : Twitter / BCCI )

2018 മുതലാണ് ഒമ്പതിൽ എട്ട് സെഞ്ചുറിയും രോഹിത് ശർമ്മ നേടിയത്. 2019 ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ മാത്രം അഞ്ച് സെഞ്ചുറി രോഹിത് ശർമ്മ നേടിയിരുന്നു. 5 സെഞ്ചുറിയും ഒരു ഫിഫ്റ്റിയുമടക്കം 9 മത്സരങ്ങളിൽ നിന്നും 648 റൺസ് നേടിയ രോഹിത് ശർമ്മയായിരുന്നു ടൂർണമെന്റിലെ ടോപ്പ് സ്‌കോറർ.

( Picture Source : Twitter / BCCI )